ഗ്രാമീണ സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി കുട്ടി ബസ്സുകള്‍ വാങ്ങും കെ.ബി.ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഗ്രാമീണ സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി കുട്ടി ബസ്സുകള്‍ വാങ്ങുമെന്ന് നിയുക്ത ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് എ.സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.വലിയ ബസുകളെ അപേക്ഷിച്ച് കുട്ടി ബസ്സുകള്‍ക്ക് മൈലേജ് കൂടുതലാണ്. ടയറിനും വില കുറവാണ്. പല റൂട്ടുകളിലും വളരെ കുറഞ്ഞ യാത്രക്കാര്‍ മാത്രമാണുള്ളത്. ഗ്രാമീണ മേഖലയില്‍ ധാരാളം പുതിയ റോഡുകള്‍ വന്നിട്ടുണ്ട്. കുട്ടി ബസ്സുകള്‍ ആരംഭിച്ചാല്‍ വളരെ പ്രയോജനകരമാവുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ക്ലാസുകള്‍ ഉള്ള ദിവസങ്ങളില്‍ കണ്‍സഷന്‍ നല്‍കണം. ഇതിനായി പ്രത്യേക പാസ് നല്‍കുന്നത് പരിഗണനയിലില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

എന്‍.എസ്.എസുമായുള്ള സര്‍ക്കാര്‍ നിലപാടിനെ സംബന്ധിച്ച ചോദ്യത്തിന്, ഭരണകാര്യങ്ങളില്‍ എന്‍.എസ്.എസ് അഭിപ്രായം പറയാറില്ല, മുഖ്യമന്ത്രിയും എന്‍.എസ്.എസുമായി യാതൊരു അസ്വാരസ്യവും ഇപ്പോഴില്ല. മുഖ്യമന്ത്രിയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും തമ്മില്‍ ഫോണില്‍ സംസാരിക്കാറുണ്ട്. സര്‍ക്കാരിനും എന്‍.എസ്.എസിനും ഇടയില്‍ പാലത്തിന്റെ ആവശ്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

error: Content is protected !!