പ്രകൃതിയുടെ വൈവിധ്യഭംഗി വിതറി മലബാർ ക്രാഫ്റ്റ്സ് മേള

Web Desk

കോഴിക്കോട്, പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടു നിർമിച്ച ഉൽപന്നങ്ങളുടെ വൈവിധ്യവുമായി സ്വപ്ന നഗരിയിൽ മലബാർ ക്രാഫ്റ്റ്സ് മേള. വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാകാരന്മാരും കരകൗശല വിദഗ്ധരും ഒന്നിച്ച മേളയിൽ രൂപഭംഗിയും പരിസ്ഥിതി സൗഹൃദവും സമ്മേളിക്കുന്നു. കരവിരുതിൽ ഉടലെടുത്ത ഉൽപന്നങ്ങൾ ഏറെയും പ്രകൃതിയിൽ നിന്നുള്ളവ കൊണ്ടാണു നിർമിച്ചത്. മുളയിൽ നിർമിച്ച ഇരിപ്പിടങ്ങൾ, ലാംപ് ഷെയ്ഡ്, കുട്ട, വട്ടി, ബാഗ്, പുട്ടു കുറ്റി, അലങ്കാര വസ്തുക്കൾ എന്നിവ വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കേരളത്തിലെ കരകൗശല വിദഗ്ധരും ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മണിപ്പുർ, മഹാരാഷ്ട്ര, മിസോറം, നാഗാലാൻഡ്, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കരകൗശല വിദഗ്ധരും ഉൽപന്നങ്ങളുമായി മേളയിൽ എത്തിയിട്ടുണ്ട്. മേള 16 നു സമാപിക്കും. പ്രവേശനം സൗജന്യം. രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണു പ്രവേശനം. ദിവസവും സാംസ്കാരിക പരിപാടികളും നടക്കും. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലാണു മേള നടത്തുന്നത്

error: Content is protected !!