
Web Desk
ബേപ്പൂർ, തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി കപ്പൽച്ചാൽ അടിയന്തരമായി ആഴം കൂട്ടാൻ ധാരണ. കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷദ്വീപ് കപ്പലുകൾക്ക് മാത്രമായി ബേപ്പൂരിൽ ഡെഡിക്കേറ്റഡ് ബർത്ത് പണിയാൻ ദ്വീപ് അഡ്മിനിസ്ട്രേഷനു താൽപര്യമുള്ളതായി ചർച്ചയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.എസ്.പരിഹാർ സൂചിപ്പിച്ചു. ബേപ്പൂരിലെ ചരക്കു നീക്കത്തിനു ഡ്യൂട്ടി സമയം വർധിപ്പിക്കുക, ചരക്കുകൾ സ്കാൻ ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുക, ഒഴിവു ദിവസങ്ങളിൽ കയറ്റിറക്കുമതിക്ക് ഈടാക്കുന്ന അമിത ഓവർടൈം അലവൻസ് കുറയ്ക്കുക, തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ തുറമുഖത്ത് പ്രവേശിക്കുന്നത് തടയുക, സ്ഥിരം ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക എന്നീ നിർദേശങ്ങളും ദ്വീപ് അധികൃതർ മുന്നോട്ടു വച്ചു. അതേസമയം ഡ്രജിങ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും തുറമുഖത്തെ മറ്റു പ്രശ്നങ്ങളിൽ ബന്ധപ്പെട്ടവരുമായി ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്നും മാരിടൈം ബോർഡ് ഉറപ്പ് നൽകി. തുടർനടപടികൾക്കായി വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊച്ചി തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള ഡെഡിക്കേറ്റഡ് ബർത്തും സ്കാനിങ് സൗകര്യങ്ങളും മറ്റും ലക്ഷദ്വീപ് അധികൃതർ കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. ദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.എസ്.പരിഹാർ കഴിഞ്ഞദിവസം ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് ബേപ്പൂരിലെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുന്നതിനു മാരിടൈം ബോർഡ് ഉദ്യോഗസ്ഥരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. ചർച്ചയിൽ മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടി.പി.സലിംകുമാർ, പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ.അശ്വിനി പ്രതാപ്, ദ്വീപ് തുറമുഖ ഡപ്യൂട്ടി ഡയറക്ടർ ഷക്കീൽ അഹമ്മദ് എന്നിവർ പങ്കെടുത്തു.