കൊയിലാണ്ടി – താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത നവീകരണത്തിലെ അപാകത; റോഡിലെ ദുരവസ്ഥ ;വാഹനങ്ങൾ അപകടത്തിൽപ്പെടുന്നെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

താമരശ്ശേരി: 228 കോടി രൂപ ചിലവഴിച്ച് നവീകരണം പൂർത്തിയാക്കിയ സംസ്ഥാന പാത പണി പൂർത്തീകരിച്ച് ഒരു വർഷത്തിന് അകം തന്നെ താഴ്ന്നു പോകുകയും, ഇതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് നിരന്തരം അപകടത്തിൽപ്പെടുകയും, മനുഷ്യജീവനു തന്നെ ഭീഷണിയാവുന്നു എന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.PWD, KST P, കരാർ കമ്പനിയായ ശ്രീധന്യ എന്നിവർക്കും, മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.

പരാതിയുടെ പൂർണ രൂപം

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ ബോധിപ്പിക്കുന്ന പരാതി.

ബഹുമാനപ്പെട്ട സർ,
കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി സംസ്ഥാന സർക്കാർ 228 കോടി രൂപ ചിലവഴിച്ച് KSTP വഴി ശ്രീധന്യ കൺസ്ട്രക്ഷൻ എന്ന കരാർ കമ്പനി ഏറ്റെടുത്ത് പൂർത്തീകരിച്ചിട്ട് കേവലം ഒരു വർഷം മാത്രമാണ് പിന്നിട്ടത്.

ഈ റോഡിൽ മുക്കം ഭാഗത്ത് നിന്നും താമരശ്ശേരി കൊയിലാണ്ടി ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ റോഡിൻ്റെ ഇടതുഭാഗം (അതായത് ചരക്ക് ലോറികൾ പോകുമ്പോൾ അതിൻ്റെ വീൽ പതിയുന്ന ഭാഗം) താഴ്ന്ന് ചാലും, വരമ്പും രൂപപ്പെട്ടിരിക്കുകയാണ്. ഇതു മൂലം റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളും, മുചക്ര വാഹനങ്ങളും പുളയുകയും, നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. നിരവധി പേർക്കാണ് അപകടങ്ങളിൽ പരക്കേൽക്കുന്നത്.

റോഡുപണിയിലെ അപാകത മൂലമാണ് ഇത്തരത്തിൽ ചരക്കു വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്ന് പോയത്.കൂടാതെ തെരുവ് വിളക്കുകൾക്കായുള്ള വൈദ്യുതി കേബിൾ ഡ്രൈനേജിലുടെ യാണ് സ്ഥാപിച്ചിട്ടുള്ളത്, ഷോർട്ട് സർക്യൂട്ട് വന്നാൽ ഇത് വൻ ദുരന്തത്തിന് ഇടയാക്കും, ഫുട് പത്തിന് മുകളിൽ അശാസ്ത്രീയമായ രൂപത്തിൽ സ്ലാബ് സ്ഥാപിച്ചതിനാൽ വാഹനങ്ങൾ ഇടിച്ച് അപകടത്തിൽപ്പെടുന്നതും പതിവാണ്.

വിഷയം പല തവണ KSTP ഉദ്യോഗസ്ഥരേയും, കരാറുകാരുടേയും ശ്രദ്ധയിൽപ്പെടുത്തിയതാണ്, എന്നാൽ യാതൊരു വിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തി ഞങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ക്രമക്കേട് നടത്തിയവർക്കെതിരെയും, മേൽനോട്ട ചുമതലയുള്ള KSTP ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

error: Content is protected !!