
Local News
ബാങ്കിലെ അംഗങ്ങളുടെ സാമൂഹ്യസുരക്ഷയ്ക്കുവേണ്ടി കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച മെമ്പേഴ്സ് വെല്‍ഫയര്‍ സ്കീം അനുസരിച്ച് ആദ്യ ഗുണഭോക്താവിന് ധനസഹായം വിതരണം ചെയ്തു. 60 വയസുവരെയുള്ള അംഗങ്ങളില്‍ നിന്നും പതിനായിരം രൂപ ഡെപ്പോസിറ്റ് സ്വീകരിച്ചാണ് അംഗങ്ങളെ ചേര്‍ത്തിയത്. 65 വയസിനുള്ളില്‍ അംഗം മരണപ്പെടുകയാണെങ്കില്‍ മൂന്ന് ലക്ഷം രൂപ അദ്ദേഹത്തിന്റെ ബാങ്കിലുള്ള ബാധ്യതയിലേക്കോ, ബാധ്യതയൊന്നുമില്ലെങ്കില്‍ നോമിനിക്കോ ആനുകൂല്യമായി നല്‍കുന്നതാണ്. ബാങ്കിലെ മുഴുവന്‍ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സ്കീം പ്രകാരമുള്ള ധനസഹായ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് വി. വസീഫിന്റെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എം.എല്‍.എ. ബാങ്കിലെ മെമ്പറും വെല്‍ഫയര്‍ സ്കീമില്‍ അംഗമായതിനുശേഷം മരണപ്പെട്ട സുന്ദരന്‍ കണ്ണാംപറമ്പിലിന്റെ ഭാര്യ വിലാസിനി കണ്ണാംപറമ്പിലിന് നല്കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡയറക്ടര്‍മാരായ നാസര്‍ കൊളായി, നിസാര്‍ബാബു എ.സി., വി.കെ. അബൂബക്കര്‍, അഹമ്മദ്കുട്ടി പാറക്കല്‍, അസ്മാബി പരപ്പില്‍, സിന്ധു രാജന്,ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍, സെക്രട്ടറി കെ. ബാബുരാജ്, ഡയറക്ടര്‍ റീന ബോബന് എന്നിവര്‍ സംസാരിച്ചു.