ടിസി ഇല്ലെങ്കിലും ഇനി സ്‌കൂൾ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനാണ് നടപടി. അതിൻ്റെ ഭാഗമായി രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ സ്‌കൂളുകളിൽ ചേർക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികൾ സ്‌കൂൾ മാറി പോകുന്നത് ഒഴിവാക്കാനായി ടിസി നൽകാത്ത ചില അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് തിരിച്ചടിയാണ് പുതിയ ഉത്തരവ്.

രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നൽകാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിൻ്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ കുട്ടികളെ സ്‌കൂളുകളിൽ ചേർക്കാം.

പ്രവേശന പരീക്ഷയ്ക്കായി വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തണമെന്നാണ് ഉത്തരവ്. കഴിഞ്ഞ അധ്യയനവർഷം അൺ എയ്‌ഡഡ് മേഖലയിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ഉണ്ടായിരുന്നത് 3,55,967 വിദ്യാർഥികളാണ്. അതിൽ നല്ലൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പൊതുവിദ്യാലയങ്ങളിൽ 2022-23 അധ്യയനവർഷത്തെക്കാൾ 2023-24 അധ്യയനവർഷത്തിൽ 86,752 വിദ്യാർഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
എന്നാൽ, 2024-24 അധ്യയനവർഷം എത്തിയതോടെ ഒരുലക്ഷം പേരുടെ കുറവായി. ഇക്കൊല്ലവും ഈ വിടവ് കൂടുമെന്ന് കണക്കിലെടുത്താണ് കുട്ടികളെ എത്തിച്ച് പൊതുവിദ്യാലയങ്ങൾ ശക്തമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!