കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 2 കർണാടക സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. കര്‍ണാടക സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ രണ്ടു പേരെയും തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിലാണ് സംഭവം. ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സ്ത്രീ പിടിച്ച് ചാക്കിൽ കയറ്റാൻ നോക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് പുതിയകടവിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം ഉണ്ടായത്.നിരന്തരം വാഹനങ്ങളടക്കം പോകുന്ന റോഡരികിൽ വെച്ചാണ് സംഭവം. കുട്ടികള്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവമെന്ന് ദൃക‍്സാക്ഷി പറഞ്ഞു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴു വയസുകാരൻ ഗേറ്റ് അടക്കുകയായിരുന്നു. ഇതിനിടെയാണ് ചാക്ക് പിടിച്ചുകൊണ്ട് സ്ത്രീ കുട്ടിയെ അതിലേക്ക് ഇടാൻ നോക്കിയത്.

ഇതോടെ ഫുട്ബോള്‍ കളിക്കുകയായിരുന്ന കുട്ടികള്‍ അവരെ കല്ലെടുത്തെറിഞ്ഞു. ഇതോടെ അവര്‍ അവിടെ നിന്ന് ഓടി. കുട്ടികളും ഇവരുടെ പുറകെ ഓടി കല്ലെറിഞ്ഞു. കുട്ടികളെ തെറിപറഞ്ഞുകൊണ്ടാണ് അവര്‍ ഓടിയതെന്നും തുടര്‍ന്ന് നാട്ടുകാരടക്കം ചേര്‍ന്ന് അവരെ പിടിച്ചുവെക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. പട്ടാപ്പകൽ നഗരത്തിലെ പ്രധാന സ്ഥലത്ത് തന്നെയാണ് സംഭവം നടന്നതെന്നും ഭീതി ഉയര്‍ത്തുന്നതാണെന്നും ഇടവഴിയോ മറ്റോ ആയിരുന്നെങ്കിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ആരും അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തന്നെ പിടിക്കാൻ നോക്കിയത് കൂട്ടുകാര്‍ കണ്ടുവെന്നും അവര്‍ സ്ത്രീയെ ഓടിക്കുകയായിരുന്നുവെന്നും ഏഴുവയസുകാരൻ പറഞ്ഞു. കസ്റ്റഡിയിലുള്ള സ്ത്രീയെയും പുരുഷനെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!