newsdesk
കൊല്ലം ∙ ആ 5 മിനിറ്റിനു വലിയൊരു സ്വപ്നത്തിന്റെ വിലയുണ്ടായിരുന്നു! അതിനി സംവർണ ആരോടു പറയും… കോടതിയിൽനിന്നു ലഭിച്ച അപ്പീലിന്റെ വിധിപ്പകർപ്പു വാട്സാപ്പിൽ പോരെന്നു പറഞ്ഞ സംഘാടകർ; ഇമെയിലിൽ 5 മിനിറ്റ് വൈകിക്കിട്ടിയ വിധിപ്പകർപ്പ്, കേണപേക്ഷിച്ചിട്ടും റജിസ്ട്രേഷൻ നൽകുന്നതിലെ കാലതാമസം പരിശോധിക്കാമെന്നു മാത്രം പറഞ്ഞ മന്ത്രി, മത്സരിക്കാനാകാതെ മോഹിനിയാട്ട വേദിയിൽനിന്നിറങ്ങേണ്ടി വന്ന നിമിഷം… ഇതെല്ലാമോർത്തു സംവർണയുടെ കണ്ണീരു തോർന്നതേയില്ല.
കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് എം.സംവർണ ഷാജി. കോടതി അപ്പീൽ അനുവദിച്ചെങ്കിലും രേഖ ഇമെയിലിൽ വേണമെന്നു സംഘാടകർ ആവശ്യപ്പെട്ടതും അതു കിട്ടാൻ വൈകിയതും കാരണം അവൾക്കു മത്സരിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30നാണു കോഴിക്കോട് അഡീഷനൽ ജില്ലാ കോടതി അപ്പീൽ അനുവദിച്ചത്.
വിധിപ്പകർപ്പ് ഒപ്പിട്ടു കിട്ടിയപ്പോൾ 2.15 ആയി. ഈ സമയം നാലു പേർ കൂടി മത്സരത്തിനുണ്ടായിരുന്നു. അവസാന മത്സരാർഥിക്കു ശേഷം അഞ്ചു മിനിറ്റ് കൂടി പ്രോഗ്രാം കമ്മിറ്റി അനുവദിക്കുകയും ചെയ്തു. വാട്സാപ്പിൽ ലഭിച്ച വിധിപ്പകർപ്പുമായി സംവർണയുടെ പിതാവ് എം.ആർ.ഷാജി വേദിയിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയുള്ള റജിസ്ട്രേഷൻ കൗണ്ടറിൽ എത്തിയെങ്കിലും ഇമെയിലിൽ ലഭിക്കണം എന്നായി സംഘാടകർ. പകർപ്പ് കിട്ടുമ്പോഴേക്കും പ്രോഗ്രാം കമ്മിറ്റി അനുവദിച്ച 5 മിനിറ്റ് കഴിഞ്ഞു.
നാടകാചാര്യൻ ഒ.മാധവന്റെ വീട്ടിലെത്തി മത്സരാർഥികൾ; സ്വീകരിക്കാൻ മുകേഷ് എംഎൽഎയും
വേദിയിലുണ്ടായിരുന്ന മന്ത്രി കെ.എൻ.ബാലഗോപാലിനോട് അവസരം നൽകണമെന്നു സംവർണ കേണപേക്ഷിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ഏറെ മോഹിച്ചെത്തിയ വേദിയിൽനിന്നു ചിലങ്കയഴിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മടങ്ങി. ജില്ലയിൽ മോഹിനിയാട്ടത്തിൽ സംവർണയ്ക്കു രണ്ടാം സ്ഥാനമായിരുന്നു. കഴിഞ്ഞ വർഷം കേരളനടനത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. ഇത്തവണയും മത്സരിക്കുന്നുണ്ട്.