പ്ലസ് ടു പരീക്ഷയ്ക്ക് പ്രതീക്ഷിച്ച മാർക്ക് ഇല്ലേ? എങ്കിൽ സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷകളുണ്ട്, തീയതി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ 77.81 ശതമാനമാണ് വിജയം. റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,70,642 വിദ്യാർഥികളിൽ 2,88,394 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തവർ ഒട്ടും പ്രയാസപ്പെടേണ്ടതില്ല. അവർക്കും വിജയിച്ചവരിൽ ആവശ്യമെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാർക്ക് മെച്ചപ്പെടുത്തുന്നതിനായി 2025 ജൂൺ 23 മുതൽ 27 വരെ തീയതികളിലായി സേ (സേവ് എ ഇയർ)/ ഇംപ്രൂവ്മെൻ്റ് പരീക്ഷ നടത്തും.

ഈ മാസം 27 വരെ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കായി ഫൈനില്ലാതെ അപേക്ഷിക്കാം. ഫൈനോടുകൂടി 29 വരെയും അപേക്ഷ സമർപ്പിക്കാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 27 ആണ്.

അതേസമയം മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിജയത്തിൽ ഇത്തവണ 0.88 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 78.69 ആയിരുന്നു വിജയശതമാനം. മുഴുവൻ വിഭാഗങ്ങളിലുമായി 4,34,547 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,20,224 ആൺകുട്ടികളും 2,14,323 പെൺകുട്ടികളും ഉൾപ്പെടുന്നു. റഗുലർ സ്കൂൾ ഗോയിങ് വിഭാഗത്തിൽ 3,70,642 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1,23,160 ആൺകുട്ടികളും 1,65,234 പെൺകുട്ടികളുമാണ് വിജയിച്ചത്. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം ആണ് (83.09). ഏറ്റവും കുറവ് വിജയശതമാനം കാസർകോടും (71.09).

സയൻസ് ഗ്രൂപ്പിൽ 1,89,263 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1,57,561 ഉപരിപഠനത്തിന് യോഗ്യത നേടി. 83.25 ശതമാനമാണ് വിജയം. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ 74,583 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ ഉപരിപഠനത്തിന് യോഗ്യത നേടിയത് 51,578 പേരാണ്. 69.16 ആണ് വിജയശതമാനം. കോമേഴ്സ് ഗ്രൂപ്പിൽ പരീക്ഷ എഴുതിയവരുടെ എണ്ണം-1,06,796, ഉപരിപഠനത്തിന് യോഗ്യത നേടിയവർ- 79,255. 74.21 ശതമാനമാണ് കൊമേഴ്സ് ഗ്രൂപ്പിലെ വിജയം.

അതേസമയം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 1,63,904 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1,20,027 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. എയിഡഡ് സ്കൂളിൽ 82.16 ഉം അൺ എയിഡഡ് സ്കൂളിൽ 75.91 ഉം ആണ് വിജയശതമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!