
newsdesk
തിരുവനന്തപുരം: കള്ളിന്റെ ഉല്‍പാദനം മുതല്‍ ഉപഭോഗം വരെയുള്ള നടപടികള്‍ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരാനൊരുങ്ങി എക്‌സൈസ് വകുപ്പ്. ‘ട്രാക്ക് ആന്‍ഡ് ട്രേസ്’ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനാണ് വകുപ്പിന്റെ തീരുമാനം. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന കള്ള് ചെത്തല്‍ വര്‍ഷത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് നീക്കം.
ചെത്താന്‍ ഉദ്ദേശിക്കുന്ന എല്ലാ മരങ്ങള്‍ക്കും സെപ്റ്റംബര്‍ 20നകം നേരിട്ട് നമ്പര്‍ നല്‍കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ മരത്തിന്റെയും വിവരങ്ങള്‍ ട്രാക്ക് ആന്‍ഡ് ട്രേസ് ആപ്പില്‍ രേഖപ്പെടുത്തി ജിയോ ടാഗ് ചെയ്യണം. ഇത് പ്രകാരം ഡാറ്റാബേസ് തയ്യാറാക്കിയ ശേഷമേ ലൈസന്‍സിനും ഗതാഗത പെര്‍മിറ്റിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ.
അപേക്ഷ ലഭിച്ച ശേഷം ബന്ധപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തോട്ടത്തില്‍ നേരിട്ട് പരിശോധന നടത്തും. ഓരോ മരത്തിന്റെയും വിവരങ്ങളും തോട്ടത്തിന്റെ ഭൂമിശാസ്ത്രപരമായ കോര്‍ഡിനേറ്റുകളും ഈ ഉദ്യോഗസഥന്‍ പരിശോധിക്കും. തോട്ടത്തില്‍നിന്ന് കള്ള് വാഹനത്തില്‍ കയറ്റുമ്പോള്‍ തന്നെ വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തണം എന്നും നിര്‍ദേശമുണ്ട്. തോട്ടത്തിന്റെ ലൊക്കേഷനില്‍നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ നിന്നേ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയൂ. ആപ്ലിക്കേഷന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ലൈസന്‍സികള്‍ക്കും പരിശീലനം നല്‍കാനാണ് നീക്കം.
വ്യാജ കള്ളിന്റെ ഉത്പാദനവും ഉപഭോഗവും തടയാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ലൈസന്‍സ് ഉണ്ടെന്ന വ്യാജേന കള്ള് ചെത്ത് നടത്തുന്നതും മരിച്ചു പോയവരുടെ പേരില്‍ ഉള്‍പ്പടെ ലൈസന്‍സ് കൈപ്പറ്റുകയും ചെയ്ത വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്് പിന്നാലെ കള്ളിന്റെ ഉല്‍പാദനത്തിലും വിതരണത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. കൃത്യമായ എണ്ണം മരം ഇല്ലാതിരുന്നിട്ടും സുഭിക്ഷമായി വ്യാജ കള്ള് കൊടുത്തിരുന്ന ഷാപ്പുകള്‍ക്ക് പിടി വീഴും എന്നാണ് കരുതുന്നത്.