newsdesk
ചിറ്റാരിക്കാൽ ∙ വിദ്യാർഥിനികൾ ഉൾപ്പെടെ നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (19), ജസ്റ്റിൻ ജേക്കബ് (21) എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നടപടി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചില വാട്സാപ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപെട്ടത്. ആദ്യം പൊലീസിൽ പരാതി നൽകാൻ പലരും തയ്യാറായിരുന്നില്ല. പിന്നീട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 3 പേർ കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഇവർക്കെതിരെ ഐടി ആക്ട് 67 എ പ്രകാരമാണ് പൊലിസ് കേസെടുത്തത്. ടെലിഗ്രാം ആപ്പിന്റെ സഹായത്തോടെ തയ്യാറാകുന്ന ഫോട്ടോകൾ യുവാക്കളുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സെൽ വിഭാഗം കണ്ടെത്തിയതെന്നും സിനിമാ നടികൾ ഉൾപ്പടെയുള്ളവരുടെ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്തു പ്രചരിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതർ പറഞ്ഞു.
ഇതേക്കുറിച്ചു പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.പരാതിയുടെ അടിസ്ഥാനത്തിൽ തയ്യേനിയിൽ പൊലീസ് നാട്ടുകാരുടെ യോഗം വിളിച്ചുചേർത്തു. ഡിവൈഎസ്പി സിബി തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഈ കേസിലെ മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.