
Local news
കൊവിഡ് മൂലം പ്രതിസന്ധിയിലായ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞവർഷം കറുത്തപറമ്പ് സാംസ്കാരിക നിലയത്തിലെത്തിച്ച 18 ചാക്ക് അരി പുഴുവരിച്ചതിനെ തുടർന്ന് കുഴിച്ചിട്ടു. ജില്ലാ ഭരണകൂടം അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ കാരശേരി പഞ്ചായത്തിന് നൽകിയ 175 ചാക്ക് അരിയിൽ ബാക്കിവന്ന 18 എണ്ണമാണ് കേടുവന്നതിനെ തുടർന്ന് വാർഡ് മെമ്പർ ഷാഹിന ടീച്ചറുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചിട്ടത്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് അരി പഞ്ചായത്തിന് ലഭിച്ചത്. എന്നാൽ ഭൂരിഭാഗം അതിഥി തൊഴിലാളികളും നാട്ടിലേക്ക് പോയതിനാൽ 75 ചാക്ക് അരി മാത്രമാണ് വിതരണം ചെയ്യാൻ കഴിഞ്ഞതെന്നും ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് അന്ന് തന്നെ കത്ത് നൽകിയിരുന്നുവെന്നുമാണ് എൽ.ഡി.എഫ് പറയുന്നത്. യു.ഡി.എഫ് ഭരണസമിതി വന്നശേഷം നാലുമാസം മുൻപ് സാംസ്കാരിക നിലയത്തിൽ പരിശോധന നടത്തി 82 ചാക്ക് അരി ചേവായൂർ ത്വക്ക് രോഗാശുപത്രി, ഉദയം ഹോം മാങ്കാവ് എന്നിവയ്ക്ക് രണ്ട് തവണകളായി നൽകി. അടിയിലെ നിരകളിലുണ്ടായിരുന്ന ചാക്കുകളിലെ അരി അന്നുതന്നെ പുഴുവരിച്ചിരുന്നുവെന്ന് വാർഡ് മെമ്പർ ഷാഹിന പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസറും ആരോഗ്യവകുപ്പും പരിശോധന നടത്തി ബാക്കി അരി ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തെ വിവരം ധരിപ്പിക്കുകയും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അരി കുഴിച്ചിടാൻ വാർഡ് മെമ്പറെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം സമീപത്തെ പറമ്പിൽ അരിച്ചാക്കുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചിടുകയായിരുന്നു. കറുത്തപറമ്പ് സാംസ്കാരിക നിലയത്തിൽ സൂക്ഷിച്ചുവച്ച അരി പുഴുവരിച്ചതായി ആരോപിച്ചും ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടും 2020 ഡിസംബറിൽ അന്നത്തെ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കൊവിഡ് മൂലം നിരവധി പേർ ഭക്ഷണത്തിന് പ്രതിസന്ധി നേരിടുമ്പോൾ അരി ഉപയോഗശൂന്യമാവാൻ കാരണം കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
ഉത്തരവാദി യു.ഡി.എഫ് ഭരണസമിതി: സി.പി.എം
അതിഥി തൊഴിലാളികൾക്ക് നൽകാൻ കറുത്തപറമ്പ് സാംസ്കാരിക നിലയത്തിൽ എത്തിച്ചിരുന്ന 18 ചാക്ക് അരി ആർക്കും ഉപകാരപ്പെടാത്ത രീതിയിൽ കുഴിച്ചുമൂടാനിടയായ സാഹചര്യത്തിൽ പുതിയ ഭരണസമിതി ജനങ്ങളോട് മറുപടി പറയണമെന്ന് മുൻ വാർഡ് മെമ്പർ സവാദ് ഇബ്രാഹിം ആവശ്യപ്പെട്ടു. എട്ട് മാസത്തോളമായി ഒന്നും ചെയ്യാതെ നിന്നതിനാലാണ് അരി നശിച്ചതെന്നും സംഭവത്തിന് ഉത്തരവാദി യു.ഡി.എഫ് ഭരണസമിതിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംഭവം വിവാദമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവർ പരിശോധിച്ച് അരി ഉപയോഗയോഗ്യമാണന്ന് ഉറപ്പ് വരുത്തിയിരുന്നതായും സവാദ് ഇബ്രാഹിം പറഞ്ഞു.