അവധി വേദനയാകരുത് മുന്നറിയിപ്പുമായി പോലീസ് : വേനലവധി ആഘോഷമാക്കാൻ ജലാശയങ്ങളിലേക്കും തോടുകളിലേക്കും കുളിക്കാൻ പോകുന്ന കുട്ടികളെ ശ്രദ്ധിക്കണം

കോഴിക്കോട് : ഈ വേനലവധി ആഘോഷമാക്കാൻ ജലാശയങ്ങളിലേക്കും തോടുകളിലേക്കും നീന്തി കുളിക്കാൻ നമ്മുടെ മക്കൾ പോകുന്നത് രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം തന്നെയാണ്.

ജലശായങ്ങൾ അപകടം പതിയിരിക്കുന്ന ചതിക്കുഴികളായേക്കാം. കുത്തൊഴുക്കും അടിയൊഴുക്കും മാത്രമല്ല, വെള്ളത്തിൽ മറഞ്ഞിരിക്കുന്ന ചെളിയും പാറക്കെട്ടുകളുമാണ് പലപ്പോഴും നീന്തൽ അറിയുന്നവരെ പോലും അപകടത്തിലാക്കുക.

ജലാശയങ്ങൾക്കു സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നാട്ടുകാരും ബന്ധപ്പെട്ട അധികൃതരും മുൻകൈ എടുക്കേണ്ടതാണ്. വീടിന്റെ പരിസരങ്ങളിൽ കുട്ടികൾക്കോ മുതിർന്നവർക്കോ അപകടകരമായ വെള്ളക്കെട്ടുകൾ ഉണ്ടെങ്കിൽ വേലി, മതിൽ എന്നിവകൊണ്ട് സുരക്ഷിതമാക്കുക.
വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക.

മദ്യപിച്ചോ മറ്റു ലഹരി ഉപയോഗിച്ചോ വെള്ളത്തിലിറങ്ങുന്നതും അപകടകരമാണ്. നീന്തൽ അറിയാവുന്ന മുതിർന്ന വ്യക്തികളുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടികളെ നീന്താൻ അനുവദിക്കാവൂ.
മുങ്ങിതാഴുന്ന ഒരു വ്യക്തിയെ രക്ഷിക്കുന്നതിനായി ഒന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടുന്നത് കൂടുതൽ അപകടം വരുത്താൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കമ്പോ കയറോ തുണിയോ എറിഞ്ഞുകൊടുത്ത് വലിച്ചുകയറ്റുന്നതാണ് സുരക്ഷിതം.

അസുഖമുള്ളവർ, അപസ്മാരരോഗികൾ, ഹൃദ്രോഗികൾ എന്നിവരും വെള്ളത്തിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിര ഘട്ടങ്ങളിൽ കേരള പോലീസിൻ്റെ 112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!