
NEWSDESK
തിരുവമ്പാടി ∙ മലയോര ഹൈവേ കോടഞ്ചേരി – കക്കാടംപൊയിൽ റീച്ചിലെ ആനക്കല്ലുംപാറ – താഴെ കക്കാട് കണക്ടിങ് റോഡ് പ്രവൃത്തി ടെൻഡർ ചെയ്തു. നേരത്തെ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായ അലൈൻമെന്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും കിഫ്ബി വ്യവസ്ഥകൾക്കു വിധേയമാകാത്തതു കാരണം ഈ പ്രദേശത്തെ അലൈൻമെന്റിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ആനക്കലുംപാറ, അകമ്പുഴ വഴി റോഡ് യാഥാർഥ്യമാകുന്നതോടെ ദീർഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. ആനക്കല്ലുംപാറ മുതൽ താഴെ കക്കാട്ട് വരെയുള്ള ഭാഗത്ത് 60 കുടുംബങ്ങൾ മുൻപ് ഉണ്ടായിരുന്നു. വാഹനസൗകര്യം ഇല്ലാത്തതിനാൽ ഇവരിൽ പലരും താഴ്‌വാരത്തേക്ക് താമസം മാറി. 10 കുടുംബങ്ങൾ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്. അൻപതോളം കുടുംബങ്ങളുടെ കൃഷിയിടം ഈ ഭാഗത്തുണ്ട്. പുതിയ റോഡ് വരുന്നതോടെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടും.
കിഫ്ബിയിൽ ഉൾപ്പെടുത്തി മലയോര ഹൈവേ നിർമിക്കാൻ തീരുമാനിച്ചപ്പോൾ ആനക്കല്ലുംപാറ-അകമ്പുഴ പ്രദേശവാസികളെ പരിഗണിച്ച് റോഡ് അലൈൻമെന്റ് ആ പ്രദേശത്തു കൂടി കടന്നു പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആ ഭാഗം ഒഴിവാക്കപ്പെട്ടു. തുടർന്നു നടന്ന നിരന്തര ഇടപെടലിന്റെ ഭാഗമായി 26.5 കോടി രൂപ ഇതിന് അനുവദിക്കുകയും കണക്ടിങ് റോഡ് ആയി നവീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. പിടിഎസ് കമ്പനി ആണ് ടെൻഡർ എടുത്തത്. 6 മീറ്റർ വീതിയിലാണു പ്രവൃത്തി. 2 പാലങ്ങൾ ഉൾപ്പെടെ 7.2 കിലോമീറ്ററാണു റോഡ്.