വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കി

Web Desk

എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ട് ഹൈക്കോടതി റദ്ദാക്കി. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി. നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു. അതായത് ഓരോ 200 അംഗങ്ങള്‍ക്കും ഒരു വോട്ട്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചില ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഈ ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമം അനുസരിച്ച് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക ഇളവും ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള 1999ലെ ബൈലോ ഭേദഗതിയും റദ്ദാക്കി. കോടതി വിധി അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതേസമയം വിധിയെകുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമാണ് തനിക്കുള്ളതെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. പ്രാതിനിധ്യ വോട്ട് രീതി പണ്ട് മുതല്‍ തുടങ്ങിയത് ആണ്. തനിക്ക് മുന്‍പും അതേ രീതിയാണ് പിന്തുടര്‍ന്നിരുന്നത്.

error: Content is protected !!