
Web Desk
മലമ്പുഴ ചെറാടിലെ ആർ.ബാബു കുടുങ്ങിയ കുമ്പാച്ചി മലയിൽ കയറിയ ആളെ അർധരാത്രിയോടെ കണ്ടെത്തി, തിരിച്ചിറക്കി. മലമ്പുഴ ആനക്കൽ സ്വദേശിയെയാണു മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാത്രി 12.45നു കണ്ടെത്തിയത്. എന്നാൽ, മലയിൽ വേറെയും ആൾക്കാരുണ്ടെന്ന് ആരോപിച്ചു നാട്ടുകാർ മലയടിവാരത്തു നിലയുറപ്പിച്ചു.
ഞായറാഴ്ച്ച രാത്രി ഒൻപതോടെ മലമുകളിൽ വെളിച്ചം കണ്ടവരാണു വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. മലമുകളിൽ പലവട്ടം വെളിച്ചം കണ്ടു. വാളയാർ റേഞ്ച് ഓഫിസർ ആഷിക്കലിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഉദ്യോഗസ്ഥ സംഘവും നാട്ടുകാരും മലയുടെ താഴ്‌വാരത്തു തമ്പടിച്ചിരുന്നു. ഇതിനിടെയാണു ആനക്കൽ സ്വദേശിയെ താഴെയെത്തിച്ചത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.