ഹൗസ് സർജൻമാർ പോയി; ഗവ.മെഡി.കോളജിൽ വൻ പ്രതിസന്ധി;കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് 242 ഡോക്ടർമാർ

കോഴിക്കോട് : ഗവ.മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരുടെ കാലാവധി കഴിഞ്ഞതോടെ ആശുപത്രിയിൽ പ്രതിസന്ധി. ഹൗസ് സർജൻമാർ പ്രധാനമായും ഡ്യൂട്ടി ചെയ്യുന്ന അത്യാഹിത വിഭാഗത്തിലാണ് പ്രതിസന്ധി രൂക്ഷം. ഹൗസ് സർജൻസി പൂർത്തിയാക്കിയ 242 ഡോക്ടർമാരാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. അത്യാഹിത വിഭാഗത്തിൽ ഒരേസമയം പതിനഞ്ചോളം ഡോക്ടർമാർ കുറഞ്ഞതോടെ രോഗികളാണ് ദുരിതത്തിലായത്. ട്രയാജിൽ നഴ്‌സുമാരെ നിയോഗിച്ചാണ് രോഗികളുടെ പ്രശ്‌നം പരിഹരിക്കുന്നത്.

രോഗികളിൽ നിന്നു വിവരം തിരക്കിയശേഷം എല്ലുരോഗ, സർജറി, മെഡിസിൻ തുടങ്ങി ആവശ്യമായ വിഭാഗങ്ങളിലേക്ക് വിടുന്നത് നഴ്‌സുമാരാണ്. മുൻപ് ഡോക്ടർമാർ രോഗനിർണയം നടത്തിയാണ് ഇതു ചെയ്തിരുന്നത്. കൂടാതെ ഇന്നലെയും തെരുവ് നായയുടെ കടിയേറ്റ് ഏറെപേർ ചികിത്സ തേടി എത്തിയതോടെ അത്യാഹിത വിഭാഗത്തിലെ തിരക്ക് വർധിച്ചു. അടുത്ത ബാച്ചിലെ ജയിച്ചു വരുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് ഹൗസ് സർജൻസി കഴിഞ്ഞ ഡോക്ടർമാരെ 3 മാസത്തേക്ക് മാസം 45000 രൂപ നൽകി സർക്കാർ നിയമിക്കുന്നത്. 125 പേരെ വരെ നിയമിക്കാനാണ് സർക്കാർ അനുവാദം നൽകിയത്. ഇവർക്ക് മാസം നൽകുന്ന തുക വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

അടുത്ത ബാച്ച് വരാൻ 3 മാസം എടുക്കും
കോവിഡ് കാലഘട്ടം മുതൽ പ്രവേശന പരീക്ഷയിലെ കാലതാമസം, കോഴ്‌സ് തുടങ്ങാൻ വൈകിയത്, എംബിബിഎസ് പരീക്ഷ വൈകിയത്, ഫലം വരാൻ വൈകിയത് തുടങ്ങിയവ കൂടുതൽ ബാധിച്ചത് ഈ വർഷം ആണെന്ന് പ്രിൻസിപ്പൽ ഡോ.കെ.ജി.സജീത്ത്കുമാർ പറഞ്ഞു.അടുത്ത ബാച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ 3 മാസം വരെ താമസിക്കുന്ന സ്ഥിതിയാണ്. ആ കാലത്തേക്ക് സാധാരണ ഹൗസ് സർജൻസി കഴിഞ്ഞവരെയാണ് നിയോഗിക്കുന്നത്.

എന്നാൽ ഈ സേവനം നിർബന്ധം അല്ലാത്തതിനാൽ ആളെ കിട്ടാൻ പ്രയാസമാണ്. ഇത്തവണ ഇതുവരെ 28 പേരാണ് റജിസ്റ്റർ ചെയ്തത്. ജോലിയുടെ സേവന താൽപര്യം കൂടി കണക്കിലെടുത്ത് കൂടുതൽ പേർ തയാറാകുമെന്ന് കരുതുന്നതായും പ്രിൻസിപ്പൽ പറഞ്ഞു.

error: Content is protected !!