ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000രൂപ പ്രതിമാസ സഹായം; വമ്പന്‍ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം

തിരുവനന്തപുരം: വമ്പന്‍ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം. നെഹ്‌റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗ്യാരന്റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ തീരുമാനിച്ചു.

സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അവകാശമാക്കി മാറ്റുകയും കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000രൂപ വീതം നല്‍കുകയും ചെയ്യും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000രൂപയായി വര്‍ധിപ്പിക്കാനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഓരോ കുടുംബത്തിനും വര്‍ഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘര്‍ഷ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും. വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാര്‍ക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കുമെന്നും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.

പ്രസംഗത്തില്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമര്‍ശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്ചവെക്കും. ഉദ്യോഗസ്ഥ തലത്തില്‍ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുന്‍തൂക്കം നല്‍കും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് വ്യക്തമായ ചിത്രം നല്‍കും. സേവന മേഖലയില്‍ നിന്ന് പിന്മാറില്ല. കേന്ദ്രസര്‍ക്കാരുമായി പരമാവധി സഹകരിക്കും. ന്യായവും അര്‍ഹവുമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

error: Content is protected !!