
newsdesk
മുക്കം : മുക്കത്ത് എംഡിഎംഎ കേസിൽ പിടിയിലായ പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി .എംഡിഎംഎ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഹനീഫ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയിലേക്ക് വിരൽ ചൂണ്ടുമ്പോൾ . കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുമായി പിടിക്കപ്പെട്ട, അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു പ്രതി ഇത്തരത്തിൽ പോലീസിന്റെ കൺവെട്ടിച്ച് കടന്നുകളഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ സംഭവം അതീവ ഗൗരവത്തിൽ കാണുന്നതിനും ഒളിവിൽ പോയ പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ വേഗത്തിൽ ആക്കുന്നതിനുമാണ് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
കസ്റ്റഡിയിലുള്ള പ്രതി അതീവ സുരക്ഷാ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടയാക്കിയതിൽ അകമ്പടി പോയ പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്നും അവർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു.
ലഹരി മാഫിയ തലവനായ പ്രതിക്ക് രക്ഷപ്പെടാൻ പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള അനാസ്ഥയോ അവിശുദ്ധ കൂട്ടുകെട്ടോ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം.സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം.
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ,ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ,ബ്ലോക്ക് സെക്രട്ടറി ജാഫർ ഷരീഫ് ബ്ലോക്ക് പ്രസിഡണ്ട് എകെ റനിൽ രാജ് ഇവരുടെ നേതൃത്വത്തിൽ ആണ് പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും വാടകവീട്ടിൽ നിന്നുമായി ഏകദേശം 2.8 കിലോഗ്രാമിലധികം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മുഹമ്മദ് ഹനീഫയെയും കൂട്ടാളിയെയും പോലീസ് പിടികൂടുന്നത്. ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയായിരുന്നു ഇയാൾ. ഡൽഹിയിലേക്ക് കൂടുതൽ തെളിവെടുപ്പിനായി ട്രെയിൻ മാർഗ്ഗം കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിനെ വെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത് .