
Local News
രാജ്യത്ത് അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി ഓമശ്ശേരിയിലെ അക്ഷയ കേന്ദ്രവുമായി സഹകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വിവിധ സ്ഥലങ്ങളിലായി നടക്കുന്ന സൗജന്യ എട്ട് ദിന ക്യാമ്പിന് അമ്പലക്കണ്ടിയിൽ ബുധനാഴ്ച്ച തുടക്കമായി.താജുദ്ദീൻ മദ്രസയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,വി.സി.അബൂബക്കറിനെ രജിസ്റ്റർ ചെയ്ത് പഞ്ചായത്ത് തല ഉൽഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി അക്ഷയ സെന്റർ കോ-ഓർഡിനേറ്റർ യു.പി.ഷറഫുദ്ദീൻ പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര , പഞ്ചായത്തംഗം അശോകൻ പുനത്തിൽ തുടങ്ങിയവർ സംസാരിച്ചു .യു.പി.മുഹമ്മദ് മുഹ്‌സിൻ,ആൽബിൻ ജോർജ്,നിഷാന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 8,9 വാർഡുകളിലുള്ള അസംഘടിത തൊഴിലാളികൾക്കാണ് ആദ്യ ദിനത്തിൽ രജിസ്ട്രേഷന് സൗകര്യമൊരുക്കിയത്.
വ്യാഴം – 1,2 വാർഡുകളിലുള്ളവർക്ക് കൂടത്തായി നൂർ മദ്രസയിൽ വെച്ചാണ് ക്യാമ്പ്.നാലിന് (ശനി) 3,4,5 വാർഡുകളിലുള്ളവർക്ക് പെരിവില്ലി സിറാജുൽ ഹുദാ മദ്‌റസയിലും ഏഴാം തിയ്യതി ചൊവ്വാഴ്ച്ച 6,7 വാർഡുകളിലുള്ളവർക്ക് ഓമശ്ശേരി അൽ ബിറിലും വെച്ച് ക്യാമ്പുകൾ നടക്കും. ഡിസംബർ എട്ടിന് 10,11 വാർഡുകളിലുള്ളവർക്ക് മാതോലത്ത് കടവ് മദ്രസയിലും പത്താം തിയ്യതി 12,13,15 വാർഡുകളിലുള്ളവർക്ക് പുത്തൂർ അങ്കണവാടിയിലും പതിനൊന്നിന് 14,18 വാർഡുകളിലുള്ളവർക്ക് വെളിമണ്ണ സ്കൂളിലും 16,17,19 വാർഡുകളിലുള്ളവർക്ക് പതിനാലാം തിയ്യതി മങ്ങാട് ഹിദായത്തുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ചുമാണ് ക്യാമ്പുകൾ.രാവിലെ 9 മണി മുതൽ വൈകു 3 മണി വരെയാണ് രജിസ്ട്രേഷൻ സൗകര്യമുണ്ടാവുക. ആധാർ,ബാങ്ക് അക്കൗണ്ട് എന്നിവ ക്യാമ്പുളിൽ രജിസ്ട്രേഷനു വരുമ്പോൾ തൊഴിലാളികൾ കയ്യിൽ കരുതണമെന്നും പരമാവധി തൊഴിലാളികൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.