വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകൽ വ്യാപകം; ഡോക്ടർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യുമെന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഹെൽത്ത് കാർഡ് നേടാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാനവ്യാപക പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകി. പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബിൽ നിന്ന് ഒന്നിച്ച് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയതായി സംശയം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്.ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനവ്യാപകമായി കർശന പരിശോധനകൾ നടത്താനും മന്ത്രി നിർദേശിച്ചു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷൻ അനുസരിച്ച്, ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് സഹായകമായി, കാരുണ്യ ഫാർമസികൾ വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹെൽത്ത് കാർഡ് ഇല്ലാതെയോ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചോ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ഹെൽത്ത് കാർഡിന്റെ പ്രാധാന്യം അറിയാം

ഭക്ഷണം തയ്യാറാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ ഹെൽത്ത് കാർഡിനായി മെഡിക്കൽ പരിശോധന നടത്തുന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ വഴി വൈറസുകളോ ബാക്ടീരിയകളോ പകരാനുള്ള സാധ്യത തടയുകയാണ് ഇതിന്റെ ലക്ഷ്യം. പകർച്ചവ്യാധികൾ, മുറിവുകൾ, ത്വക്ക് രോഗങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പാക്കാൻ ഈ പരിശോധന നിർബന്ധമാണ്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷൻ പ്രകാരം, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം.

ഹെൽത്ത് കാർഡ് എങ്ങനെ എളുപ്പത്തിൽ എടുക്കാം?

രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ഹെൽത്ത് കാർഡിന് ആവശ്യം. ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, മുറിവുകൾ, വാക്സിനേഷൻ, പകർച്ചവ്യാധികൾക്കായുള്ള രക്ത പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഹെൽത്ത് കാർഡിന്റെ കാലാവധി ഒരു വർഷമാണ്.

error: Content is protected !!