
newsdesk
ദോഹ: ടെക് ഭീമന്‍മാരായ ആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആപ്പിള്‍ സി ഇ ഒ ടിം കുക്കിനോടാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നില്ല എന്നും ഇന്ത്യയ്ക്ക് വേണമെങ്കില്‍ സ്വയം ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. . ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. തനിക്ക് ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ട്രംപ് സംസാരിച്ച് തുടങ്ങിയത്. ‘എന്റെ സുഹൃത്തേ, ഞാന്‍ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ 500 ബില്യണ്‍ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയെ പരിപാലിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മാണം നടത്താം, കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്, അതിനാല്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്,’ ട്രംപ് പറഞ്ഞു.
വാഷിംഗ്ടണ്‍ ഡിസിക്ക് ഒരു കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് യാതൊരു താരിഫും ഈടാക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഇതുവരെ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യ ഞങ്ങള്‍ക്ക് ഒരു കരാര്‍ വാഗ്ദാനം ചെയ്തു. അതില്‍ അവര്‍ ഞങ്ങളോട് താരിഫ് ഈടാക്കില്ലെന്ന് അക്ഷരാര്‍ത്ഥത്തില്‍ സമ്മതിച്ചിട്ടുണ്ട്. ടിം, ഞങ്ങള്‍ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്, വര്‍ഷങ്ങളായി ചൈനയില്‍ നിങ്ങള്‍ നിര്‍മ്മിച്ച എല്ലാ പ്ലാന്റുകളും ഞങ്ങള്‍ സഹിക്കുന്നു.
നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഇന്ത്യയ്ക്ക് സ്വയം പരിപാലിക്കാന്‍ കഴിയും,’ ട്രംപ് പറഞ്ഞു. ലോകമെമ്പാടും ഐഫോണുകള്‍ക്കും മാക്ബുക്കുകള്‍ക്കും ആവശ്യക്കാര്‍ ഏറുന്നതിനിടെ ആപ്പിള്‍ യുഎസില്‍ ഉത്പാദനം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ ഇന്ത്യയിലെ ഉല്‍പ്പാദനം വിപുലീകരിക്കാനും യു എസ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാന്‍ ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാനും പദ്ധതിയിടുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
യുഎസില്‍ വില്‍ക്കുന്ന ഭൂരിഭാഗം ഐഫോണുകളുടെയും ഉത്ഭവ രാജ്യം ഇന്ത്യയായിരിക്കും എന്ന് നേരത്തെ ടിം കുക്ക് പറഞ്ഞിരുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതിച്ചുങ്കം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിര്‍മാണ ശാലകളില്‍ ഐഫോണ്‍ ഉത്പാദനം ആപ്പിള്‍ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകള്‍ യുഎസിലേക്ക് കയറ്റി അയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. താരിഫ് വര്‍ധിപ്പിച്ചതോടെ യുഎസിലേക്കുള്ള ഐഫോണ്‍ ഇറക്കുമതി കമ്പനിക്ക് ഇരട്ടിഭാരമാണ് സമ്മാനിക്കുന്നത്.
ഇന്ത്യയ്ക്ക് 26 ശതമാനമാണ് യു എസ് നികുതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഐഫോണിന്റെ 90 ശതമാനം ഉത്പാദനവും നടക്കുന്ന ചൈനയ്ക്ക് 125 ശതമാനം താരിഫാണ് യു എസ് പ്രഖ്യാപിച്ചത്. അതേസമയം ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് പ്ലാന്റുകളാണ് ഉള്ളത്. രണ്ടെണ്ണം തമിഴ്നാട്ടിലും ഒന്ന് കര്‍ണാടകയിലുമാണ്. ഇവയില്‍ ഒന്ന് ഫോക്സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രാജ്യത്ത് രണ്ട് ആപ്പിള്‍ പ്ലാന്റുകള്‍ കൂടി നിര്‍മിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ആപ്പിള്‍ ഇന്ത്യയില്‍ 22 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ അസംബിള്‍ ചെയ്തിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 60 ശതമാനം കൂടുതലാണ് ഇത്.