
newsdesk
കോഴിക്കോട്∙ : കൊടുംച്ചൂടിന് ആശ്വാസമായി വന്ന വേനൽമഴ ജില്ലയിൽ പലയിടത്തും ശക്തമായി. ചിലയിടങ്ങളിൽ രാത്രി വൈകിയും കനത്ത മഴ തുടരുകയാണ്. ഇന്നലെ അതിരാവിലെ പെയ്ത മഴയ്ക്കുശേഷം പകൽ ശാന്തമായിരുന്നു. എന്നാൽ രാത്രി പിന്നെയും മഴ എത്തി.
ജില്ലയിൽ കൊയിലാണ്ടി മേഖലയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 7.9 സെന്റീമീറ്റർ. വടകര മേഖലയിൽ 6.8 സെന്റീമീറ്റർ മഴയും കോഴിക്കോട് മേഖലയിൽ 3.15 സെന്റീമീറ്റർ മഴയും ലഭിച്ചു. തോരാ മഴയിൽ പലയിടത്തും വെള്ളം കയറി.മാവൂർ റോഡ് അടക്കം നഗരത്തിലെ പല റോഡുകളിലും വെള്ളം കെട്ടി നിന്നത് യാത്രക്കാരെ വലച്ചു.
മഴ പ്രതീക്ഷിക്കാതെ പുറത്തിറങ്ങിയവർ പലരും വഴിയിൽ കുടുങ്ങി. കനത്ത മഴയിലും മിന്നലിലും ചിലയിടങ്ങളിൽ മതിൽ ഇടിഞ്ഞുവീണു. വീടുകൾക്കുനാശം സംഭവിച്ചു. കാറ്റിൽ മരങ്ങൾ വീണും കൊമ്പ് ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. ഇന്നും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. സംസ്ഥാനത്തെ 4 ജില്ലകളിൽ റെഡ് അലർട്ടുണ്ട്. കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ യെലോ അലർട്ടാണ്.