ദിലീപിന്റെ ചോദ്യം ചെയ്യല്‍: സംവിധായകന്‍ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി

Web Desk

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നും ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് നടക്കുന്നത്.

ചോദ്യം ചെയ്യലിനിടെ സംവിധായകൻ റാഫിയെയും ദിലീപിന്റെ നിർമാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻസിലെ ജീവനക്കാരനെയാണ് വിളിച്ചുവരുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വ്യക്തത തേടാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന.

ഞായറാഴ്ച്ച ദിലീപിനെ 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ 5 സംഘങ്ങളായി തിരിഞ്ഞാണു ചോദ്യം ചെയ്യൽ. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാൾ ഭാഗികമായി സ്ഥിരീകരിച്ചതായി അന്വേഷണസംഘം അറിയിച്ചിരുന്നു.. എന്നാൽ, ഒന്നാം പ്രതി ദിലീപിനൊപ്പം ചോദ്യം ചെയ്യലിനു ഹാജരായവരിൽ ആരാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

error: Content is protected !!