കൊവിഡ് മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കും, പ്രതീക്ഷ പങ്കുവച്ച് ലോകാരോ​ഗ്യ സംഘടന

രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയൽ ഫലം അറിയാൻ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോ​ഗ്യ സംഘടന. ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 398 രാജ്യങ്ങളിൽ നിന്നായി 5500 രോ​ഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍

സോളിഡാരിറ്റി ട്രയലിന്റെ ഭാ​ഗമായി അഞ്ച് ചികിത്സാ രീതികളെയാണ് നിരീക്ഷണ വിധേയമാക്കുന്നത്. സ്റ്റാൻഡേർഡ് കെയർ, റെംഡിസിവർ, ട്രംപ് നിർദ്ദേശിച്ച മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച് ഐ വി ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന ലോപിനാവിർ, റിറ്റോണാവിർ, ശരീരത്തിലെ പ്രോട്ടീനുകളുമായി സംയോജിച്ചുള്ള ലോപിനാവിർ, റിറ്റോണാവിർ എന്നിവയുടെ പ്രവർത്തനം എന്നീ ചികിത്സാ രീതികളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ പരിശോധന മാസങ്ങൾക്ക് മുമ്പ് നിർത്തിവച്ചിരുന്നു. ഈ മരുന്ന് ഉപയോ​ഗിക്കുന്നതിലൂടെ പ്രത്യേകിച്ച് ​ഗുണമൊന്നുമില്ലെന്നും മാത്രമല്ല ചില പ്രത്യാഘാതങ്ങൾക്ക് സാധ്യത‌യുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നിർത്തി വച്ചത്. കൊവിഡ് രോ​ഗികൾക്ക് ഈ മരുന്ന് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ കൊവിഡിനെതിരെ എപ്പോൾ വാക്സിൻ കണ്ടെത്തും എന്ന കാര്യത്തിൽ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവർത്തിയാണെന്നായിരുന്നു ലോകാരോ​ഗ്യ സംഘടന എമർജൻസി പ്രോ​ഗ്രാം മേധാവി മൈക്ക് റയാന്റെ അഭിപ്രായം. അഥവാ ഈ വർഷാവസാനത്തോടെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാൽ തന്നെ അവ എങ്ങനെ വൻതോതിൽ ഉത്പാ​ദിപ്പിക്കുമെന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്.

error: Content is protected !!
%d bloggers like this: