ആഹ്ലാദ പ്രകടനത്തിനിടെ നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു; താഴെ പടനിലം വളവിൽ നിന്നു കാർ കുഴിയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരുക്ക്

പടനിലം : ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് കൈകാണിച്ച് നിർത്താതെ പോയ കാർ പൊലീസ് ചെയ്സ് ചെയ്ത് പിന്തുടരുന്നതിനിടെ ദേശീയപാതയിൽ താഴെ പടനിലം വളവിൽ നിന്നു താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരുക്ക്. കാരന്തൂർ സ്വദേശി ഷാദിൽ അലി (18), കുന്നമംഗലം സ്വദേശി നിഹാൽ (19) എന്നിവർക്കാണ് പരുക്ക്.

ഷാദിൽ അലിക്കു സാരമായി പരുക്കേറ്റതിനെ തുടർന്ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കുന്നമംഗലം മുക്കം റോഡ് ജംക്‌ഷനിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ നമ്പർ മറച്ച നിലയിൽ കണ്ട വാഹനം തടയാൻ ശ്രമിച്ചതിനെ തുടർന്ന് വിദ്യാർഥികൾ വാഹനം ഓടിച്ചു പോകുകയായിരുന്നു.

പിന്നാലെ പൊലീസ് പിന്തുടർന്നതോടെ ദേശീയപാതയിലൂടെ ഓടിച്ചു പോയ കാർ താഴെ പടനിലം വളവിൽ നിയന്ത്രണം വിട്ട് റോഡിൽ നിന്നു താഴ്ചയിലേക്ക് പോകുകയായിരുന്നു എന്നും പരുക്കേറ്റവരെ പിന്നാലെ എത്തിയ പൊലീസ് തന്നെയാണ് വെണ്ണക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നും നാട്ടുകാർ പറഞ്ഞു. സാരമായി പരുക്കേറ്റ ഒരാളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം നമ്പർ മറച്ച വിധം സംശയകരമായി കണ്ട കാർ പരിശോധിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും വാഹനത്തെ പിന്തുടർന്ന് ചെയ്സ് ചെയ്തതാണ് അപകട കാരണമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയതിന് എതിരെ കുന്നമംഗലം പൊലീസ് കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരുടെ പേരിൽ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!