കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടിയുമായി വയനാട് ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുളള. രജിസ്റ്റര്‍ ചെയ്യാതെ എത്തുന്ന പ്രവാസികള്‍ക്കെതിരെ കേസുടുത്തേക്കുമെന്ന് ജില്ലാ ഭരണകൂടം. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയ ചിലര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടെന്ന് കാണിച്ച് രജിസ്റ്റർ ചെയ്യാതെ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ അധികൃതരെ കബളിപ്പിച്ച ആളുകളുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അതെ സമയം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സെന്ററുകളില്‍ നാശ നഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം കേസ്സെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പാസ് ആവശ്യമില്ലെങ്കിലും അവരും നിര്‍ബന്ധമായും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ വിഭാഗത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. മുത്തങ്ങയിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഇതുവരെ 32,575 പേരാണ് ഇന്നലെ വരെ സംസ്ഥാനത്തേക്ക് എത്തിയത്.