സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ നാദാപുരം ഉപജില്ല ഓഫീസ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പു മന്ത്രി എ.കെ. ബാലൻ നാടിന് സമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായി ലളിതമായ ചടങ്ങിലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
പ്രഫഷണലുകൾക്ക് സ്റ്റാർട്ടപ്പ് പരമാവധി 20 ലക്ഷം രൂപയും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 20 ലക്ഷം രൂപയും ചുരുങ്ങിയ പലിശ നിരക്കിൽ വായ്പയായി നൽകും. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിഗത വനിത സംരംഭകർക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ അഞ്ച് ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. എന്റെ വീട് ഭവനനിർമാണ പദ്ധതിയിൽ 16 കോടി രൂപ ഈ സാമ്പത്തിക വർഷം വടകര താലൂക്കിൽ നാദാപുരം ഉപജില്ല ഓഫീസ് വഴി വിതരണം ചെയ്യും. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ വിവിധ പദ്ധതികളിലായി 49 കോടി രൂപ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.
വൈവിധ്യമാർന്ന വായ്പാ ക്ഷേമ പദ്ധതികൾ മുഖേന കേരളത്തിലെ ഒബിസി- മത ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനത്തിന് നിസ്തുലമായ സംഭാവന നൽകിയ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ സർക്കാർ അനുവദിച്ച 14 പുതിയ ഓഫീസുകളിൽ ഏഴ് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
കോർപറേഷൻ സ്വയംതൊഴിൽ ബിസിനസ് വായ്പകൾക്ക് മുൻഗണന നൽകുന്നുണ്ട്. കാർഷിക വ്യവസായ വ്യാപാര സേവന വാഹനമേഖലകളിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒബിസി വിഭാഗങ്ങൾക്ക് 15 ലക്ഷവും മതന്യൂനപക്ഷത്തിന് 30 ലക്ഷം രൂപ വരെയും വായ്പ നൽകുന്നതിന് പദ്ധതി നിലവിലുണ്ട് .
1995 ൽ പ്രവർത്തനം ആരംഭിച്ച കെ എസ് ബി സി ഡി സി മുഖേന 5.65 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് 3,520 കോടി രൂപ വായ്പ വിതരണം ചെയ്തു കഴിഞ്ഞു. ഈ സാമ്പത്തിക വർഷത്തെ വായ്പാ വിതരണ ലക്ഷ്യം 650 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷനായി .തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ,കെഎസ്ബിസിഡിസി ചെയർമാൻ ടി കെ സുരേഷ് ,കെഎസ്ബിസിഡിസി മാനേജിംഗ് ഡയറക്ടർ കെ.ടി.ബാലഭാസ്ക്കരൻ തുടങ്ങിയവർ പങ്കെടുത്തു.