കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞടക്കം ഏഴ് മരണം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 564 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,866 ആയി ഉയർന്നു. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

മരിച്ചവരിൽ മൂന്നുപേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും രണ്ട് പേർ വീതം ഡൽഹി, കർണാടക എന്നിവിടങ്ങളിലുള്ളവരുമാണ്. ഏഴിൽ ആറുപേരും പ്രായമായവരും പ്രമേഹം, രക്തസമ്മർദം, ന്യുമോണിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമായിരുന്നു. മരിച്ചവരിൽ അഞ്ച് മാസം പ്രായമുള്ള ആൺകുട്ടിയുമുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നത്. മേയ് 22ന് 257 സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി.രാജ്യത്ത് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ജനം കൈ ശുചിത്വം പാലിക്കണം. അസുഖമുള്ളപ്പോൾ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. ശ്വാസകോശ സംബന്ധമായ അസുഖമുള്ള വ്യക്തികൾ ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ വൈദ്യസഹായം തേടണം.കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. കേരളത്തിൽ 24മണിക്കൂറിനിടെ 287പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1373 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9മരണങ്ങളാണ് ഈവർഷമുണ്ടായത്. രോഗികൾ വർദ്ധിക്കുന്നത് മരണനിരക്കും കൂടാൻ കാരണമാകും. അതിനാൽ മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും മുൻകരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!