ചാലക്കുടിപ്പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ വെള്ളമെത്തും; പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

Web Desk

മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് 2018ലെ പ്രളയകാലത്ത് മാറിത്താമസിച്ചവര്‍ ക്യാംപുകളിലേക്കു മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി അറയിച്ചു.

പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. ലയങ്ങള്‍, പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍, ദുരന്ത സാധ്യത പ്രദേശങ്ങളില്‍ ഉള്ളവര്‍ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാറി താമസിക്കണം. എല്ലാ ജില്ലകളിലും ക്യാമ്പുകള്‍ തുറക്കുകയും സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

error: Content is protected !!