കുന്നമംഗലത്ത് മഞ്ഞപ്പിത്തം, കാരന്തൂരിൽ ഷിഗെല്ല; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധം ശക്തമാക്കി

കുന്നമംഗലം ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തവും കാരന്തൂരിൽ ഒരു ഷിഗെല്ല കേസും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. പടനിലം, ചെത്തുകടവ്, വരിയട്ട്യാക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. പടനിലത്ത് വിവിധ ഭാഗങ്ങളിൽ കുട്ടികൾ അടക്കം 5 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഈ ഭാഗങ്ങളിൽ ജലസ്രോതസ്സുകളിൽ നിന്നു സാംപിൾ ശേഖരിച്ച് സിഡബ്ല്യുആർഡിഎമ്മിൽ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി പുതുതായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുഴുവൻ ജലസ്രോതസ്സുകളും സൂപ്പർ ക്ലോറിനേഷൻ നടത്താൻ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങി.ആശ വർക്കർമാരും പ്രത്യേകം തിരഞ്ഞെടുത്ത ആരോഗ്യ വൊളന്റിയർമാരും അടക്കം ഓരോ വാർഡിലും 8 പേരെ വീതം ഉൾപ്പെടുത്തി ക്ലോറിനേഷനും പകർച്ചവ്യാധി പ്രതിരോധം, ഡെങ്കി ഉറവിട നശീകരണം എന്നിവ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തു യാത്ര ചെയ്തു തിരിച്ചെത്തിയ കാരന്തൂർ സ്വദേശിക്കാണു കഴിഞ്ഞ ദിവസം ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പരിസരങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.

error: Content is protected !!