
newsdesk
തിരുവനന്തപുരം : “ആരോഗ്യം ആനന്ദം, -അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന പ്രതിരോധ ക്യാമ്പയിൻ സർക്കാർ, -സ്വകാര്യ, സന്നദ്ധപ്രവർത്തക സംഘടന തുടങ്ങിയവരുടെ സഹകരണത്തിലാണ് സംഘടിപ്പിക്കുന്നത്.
ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് നാലിന് ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ക്യാമ്പയിന്റെ ഗുഡ്-വിൽ അംബാസിഡർ മഞ്ജു വാര്യരാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൊവ്വാഴ്ച മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ട് വരെയുള്ള ആദ്യഘട്ടത്തിൽ സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയ ഗളാർബുദം (സെർവിക്കൽ കാൻസർ) എന്നിവയുടെ സ്‌ക്രീനിങ്ങും ചികിത്സയും ഉറപ്പാക്കും.
പുരുഷന്മാർക്കും ട്രാൻസ് ജെൻഡെഴ്‌സിനും പരിശോധനയുണ്ടാകും. ഇതിനായി സംസ്ഥാനത്തെ 855 ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യമായും എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലുമാണ് പരിശോധന. സ്വകാര്യ ആശുപത്രികളും ലാബുകളും കാമ്പയിനിൽ സഹകരിക്കും. സ്വകാര്യ ആശുപത്രികളിലെ നിരക്ക് ഏകീകരിക്കുന്നതിന് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാമ്പയിൻ മികച്ച രീതിയിൽ നടത്തുന്ന ജില്ല, തദ്ദേശസ്ഥാപനം, ആരോഗ്യകേന്ദ്രം എന്നിവയ്‌ക്ക് പ്രത്യേക പുരസ്കാരം നൽകാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻസിഡി സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപാൽ എന്നിവർ സംസാരിച്ചു.