
newsdesk
നെന്മാറ: ശക്തമായ സുരക്ഷയില്‍ പോത്തുണ്ടിയില്‍ നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ക്രൂരമായ കൊലപാതകം നടത്തിയ പ്രദേശത്തേക്കാണ് ആദ്യമായി പൊലീസ് പ്രതിയെ കൊണ്ടുപോയത്.
കനത്ത പൊലീസ് കാവലുള്ളതിനാല്‍ തന്നെ നാട്ടുകാര്‍ക്കും ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. മറ്റ് പ്രതിഷേധങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്തതും തെളിവെടുപ്പ് സമയത്ത് പൊലീസ് ആശ്വാസമായി.
സുധാകരന്റെ വീട്, ചെന്താമരയുടെ വീട്, കൃത്യം നടത്തിയ ഇടം എന്നിവിടങ്ങളിലും ചെന്താമര ഒളിവില്‍ കഴിഞ്ഞ ഇടം, തറവാട് വീട് എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു . ഏകദേശം 12. 30 ഓടുകൂടിയാണ് തെളിവെടുപ്പ് തുടങ്ങിയത്
കുറ്റകൃത്യം പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള തെളിവെടുപ്പാണ് പൊലീസ് നടത്തിയത് . പൊലീസിന്റെ ഡ്രോണ്‍ നിരീക്ഷണവുമുണ്ടായിരുന്നു . എവിടെ നിന്നും ഒരു പ്രതിഷേധവും പ്രതിക്കെതിരായി ഉണ്ടാകരുതെന്നുള്ളത് കൊണ്ടാണ് ഡ്രോണ്‍ അടക്കമുള്ള നിരീക്ഷണം സജ്ജീകരിച്ചത്
കേസ് ഏറ്റവും ശക്തമായി കോടതിയിലെത്തിക്കുക എന്നതാണ് പൊലീസ് ലക്ഷ്യം വക്കുന്നത്. കഴിഞ്ഞ ദിവസത്തിന് സമാനമായ നിലയില്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് പ്രതി തെളിവെടുപ്പിനെത്തിയത് .അതേസമയം , കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിക്കുകയും ചെയ്തു. തെളിവെടുപ്പിന് ശേഷം ചെന്താമരയെ ആലത്തൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി
നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത് . എആര്‍ ക്യാമ്പില്‍നിന്ന് 500 പൊലീസിനെയും വിന്യസിച്ചു.