കോഴിക്കോട് ജില്ലയില്‍ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കുക,മുസ്ലിം ലീഗ് കളക്ട്രേട്ട് പ്രക്ഷോഭം നാളെ

കോഴിക്കോട്. ജില്ലയില്‍ ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും, മലബാറിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവസര നിഷേധത്തിനെതിരെ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (മെയ് 29) കളക്ട്രേറ്റിന് മുന്നില്‍ ജനകീയ പ്രക്ഷോഭ സമരം സംഘടിപ്പിക്കും. ജില്ലയില്‍ നിന്നും 48,140 പ്ലസ് വണ്‍ അപേക്ഷകള്‍ വന്നിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 614 പ്ലസ് വണ്‍ ബാച്ചുകളാണ് ഉള്ളത്. ഒരു ബാച്ചില്‍ 50 വിദ്യാര്‍ത്ഥികള്‍ അനുപാതത്തില്‍ 30,700 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പഠിക്കാന്‍ അവസരം ഉണ്ടാകുക, ബാക്കിയുള്ള 17,440 വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു വഴികള്‍ തേടണമെന്ന് മാത്രമല്ല, ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട കോഴ്‌സോ കോളേജോ ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്.

മാര്‍ജിനല്‍ ഇന്‍ക്രീസ് പ്രകാരം ഒരു ബാച്ചില്‍ 65 വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചാല്‍ പോലും 39,910 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളി ടെക്‌നിക്ക് ഉള്‍പ്പെടെയുള്ള മറ്റ് ഉപരി പഠന സാധ്യതകള്‍ പൂര്‍ണമായം ഉപയോഗപ്പെടുത്തിയാല്‍ പോലും അയ്യായിരത്തോളം വിദ്യാര്‍ത്ഥകള്‍ പ്രവേശനം ലഭിക്കാതെ പുറത്താവും. മൂന്നൂറ് പുതിയ ബാച്ചുകളെങ്കിലും അനുവദിച്ചാല്‍ മാത്രമേ ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധി്ക്കുകയുള്ളൂ. മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് നാളെ മലബാറിലെ മുഴുവന്‍ ജില്ലകളിലും കളക്ട്രേറ്റിന് മുന്നില്‍ സമരം നടക്കുന്നത്

രാവിലെ 10.00 മണിക്ക് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടക്കുന്ന സമരം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, ജില്ലയില്‍ നിന്നുള്ള മുസ് ലിം ലീഗ് സംസ്ഥാന ഭാരവാഹികള്‍ സംസാരിക്കും. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളോടുള്ള സര്‍ക്കാരിന്റെ വിവേചനത്തിനെതിരായ ശക്തമായ പോരാട്ടമായി കളക്ട്രേറ്റ് പ്രക്ഷോഭം മാറുമെന്ന് മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ ഖാദര്‍ മാസ്റ്റര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു

error: Content is protected !!