ഒടുവിൽ പിടിയിൽ ; മൂന്നുവർഷം ഒളിവിൽകഴിഞ്ഞ കഞ്ചാവ് കേസ് പ്രതി പിടിയിൽ

NEWSDESK

കോഴിക്കോട് : മൂന്നു വർഷത്തോളം ഒളിവിൽകഴിഞ്ഞ കഞ്ചാവ് കേസിലെ പ്രതിയെ ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി. പുതിയങ്ങാടി കൊരണി വയൽ അനഗേഷി (24 )നെയാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ ബൈജുവിന്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ സബ് ഇൻസ്പെക്ടർ നിമിൻ കെ ദിവാകരനും ചേർന്ന് പിടികൂടിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് മെഡിക്കൽകോളേജ് എ.സി.പി കെ.സുദർശന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്ത ശേഷം ചേവായൂർ ഇൻസ്പെക്ടർ ആഗേഷ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2020 നവംബർ 17ന് ചേവായൂർ പൊലീസും ഡൻസാഫും ചേർന്ന് 16 കിലോഗ്രാം കഞ്ചാവ് പാറോപ്പടിയിലെ ആളൊഴിഞ്ഞ റൂമിൽ നിന്നും പിടികൂടിയിരുന്നു. ഈ റൂം അനഗേഷാണ് വാടകയ്ക്ക് എടുത്തത്. കേസിൽ പ്രതിയായ അനഗേഷ് പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഈ കേസിൽ നാലു പേർ അറസ്റ്റിലായിരുന്നു.അനഗേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുത്തു. എന്നാൽ അതിവിദഗ്ധമായി ഇയാൾ ബൈക്കിന്റെ ഉടമസ്ഥാവകാശം സഹോദരന്റെ പേരിലേക്ക് മാറ്റുകയും സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ടുപോവുകയും ചെയ്തു. പിന്നീടൊരിക്കൽ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ടും രക്ഷപ്പെട്ടു.മാസങ്ങൾക്ക് മുമ്പ് രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ അന്വേഷിച്ചു ബാംഗ്ലൂരിൽ എത്തിയെങ്കിലും കാറിൽ രക്ഷപ്പെട്ടു. അതിനു ശേഷം സ്ഥിരമായി ഒരുസ്ഥലത്ത് തങ്ങാതെ പലയിടങ്ങളിൽ സംഘാംഗങ്ങളുടെ കൂടെ മാറിമാറി താമസിക്കുകയായിരുന്നു. രക്ഷപ്പെട്ട കാർ പിന്നീട് കാമുകിയുടെ സഹോദരനും സുഹൃത്തും നാട്ടിലെത്തിക്കുകയും ചെയ്തു.

ലഹരിക്കടിമകളായ നിരവധി യുവാക്കളെ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായാൽ അറിയിക്കാൻ പല സ്ഥലങ്ങളിലും നിയോഗിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ കുറിച്ച് അന്വേഷിക്കുകയും ബാഗ്ലൂരിൽ തിരിച്ചെത്തിയതായ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബാഗ്ലൂരിലേക്ക് തിരിക്കുകയും ദിവസങ്ങളോളംനിരീക്ഷിച്ച് താവളം കണ്ടെത്തുകയും നാലാം നിലയിലുള്ള റൂമിൽ നിന്നും പിടികൂടുകയുമായിരുന്നു.സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,എ.കെ അർജുൻ,സുമേഷ് ആറോളി,രാകേഷ് ചൈതന്യം,ചേവായൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജി എസ്.സി.പി.ഒ ബൈജു തേറമ്പത്ത് സൈബർ സെല്ലിലെ സ്കൈലേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

error: Content is protected !!