വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് ബൃന്ദ കാരാട്ട്

Web Desk

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ എതിർത്ത് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. പ്രായപൂർത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന നടപടിയാണ് ഇത്. പ്രായപൂർത്തിയായവർക്ക് വിവാഹം സംബന്ധിച്ച തീരുമാനമെടുക്കാൻ അവകാശമുണ്ട്. വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള നീക്കം വിപരീത ഫലം ചെയ്യും. ലിംഗ നീതി ഉറപ്പാക്കാനാണെങ്കിൽ പുരുഷൻ്റെ വിവാഹ പ്രായം കുറച്ചാൽ മതിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം, വിവാഹ പ്രായം ഉയർത്തുന്നതിന് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. മുസ്‌ലിം ലീഗ് ലോക്‌സഭ പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം. പി , എംപിമാരായ ഡോ.എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്‌സഭയിലും പി. വി. അബ്ദുൽ വഹാബ്. എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
വിവാഹ പ്രായം ഉയർത്തുന്നതും അത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാർലമെന്റ് ചർച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും എംപി മാർ അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടു.

error: Content is protected !!