
Web Desk
മദ്യവിതരണത്തിന് സംസ്ഥാനത്ത് പുതിയ 17 വെയർഹൗസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 2 വീതം വെയർഹൗസുകളും മറ്റു 11 ജില്ലകളിൽ ഓരോ വെയർഹൗസുകളും സ്ഥാപിക്കാന്‍ സർക്കാർ ഉത്തരവിറക്കി. ബവ്റിജസ് കോർപറേഷന്റെ ഈ നിർദേശം നേരത്തെ എക്സൈസ് വകുപ്പ് അംഗീകരിച്ചിരുന്നു. മദ്യവിതരണത്തിന് ബവ്റിജസ് കോർപറേഷന് ഇപ്പോൾ 23 വെയർഹൗസുകളാണുള്ളത്.
കൂടുതൽ വെയർഹൗസുകൾ സ്ഥാപിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോർപറേഷൻ എംഡി കഴിഞ്ഞ വർഷം ഡിസംബർ 16നാണ് സർക്കാരിനു കത്തെഴുതിയത്. 20ന് എക്സൈസ് കമ്മിഷണറുടെ അനുകൂല റിപ്പോർട്ട് സർക്കാരിനു ലഭിച്ചു. പല സ്ഥലങ്ങളിലും വെയർഹൗസുകൾക്ക് ആവശ്യത്തിനു സ്ഥലം ഇല്ലാത്തതിനാൽ മദ്യം ഇറക്കുന്നതിനും കയറ്റുന്നതിനും താമസമുണ്ടാകുന്നതായി ബവ്കോ ചൂണ്ടിക്കാട്ടി.
മദ്യവിതരണ കമ്പനികളുടെ എണ്ണം കണക്കിലെടുത്താൽ വെയർഹൗസുകളുടെ എണ്ണം കുറവാണെന്നും ഇതു സർക്കാരിനു നഷ്ടമുണ്ടാക്കുന്നതായും കോർപറേഷന്റെ കത്തിൽ വ്യക്തമാക്കിയിരുന്നു. വെയർഹൗസുകളുടെ കംപ്യൂട്ടർവൽക്കരണം ഫെബ്രുവരിയോടെ പൂർത്തിയാക്കാനൊരുങ്ങുകയാണ് കോർപറേഷൻ. ബാറുടമകൾക്ക് വെയർഹൗസിലെത്താതെ മദ്യം ഓൺലൈനിലൂടെ ബുക്കു ചെയ്യാനുള്ള സംവിധാനവും പൂർത്തീകരണഘട്ടത്തിലാണ്. ഇതെല്ലാം വരുമ്പോൾ കൂടുതൽ വെയർഹൗസുകൾ ഉണ്ടായാൽ വരുമാന വർധനവ് ഉണ്ടാകുമെന്ന് കോർപറേഷൻ ചൂണ്ടിക്കാട്ടി. പുതിയ വെയർഹൗസുകളിൽ എക്സൈസിന്റെ പ്രതിനിധി ഉണ്ടാകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. നടപടികൾ വിഡിയോയിൽ നിരീക്ഷിക്കണം. ക്യൂആർ കോഡ് അധിഷ്ഠിതമായ ട്രാക്കിങ് സംവിധാനവും മറ്റ് ഓൺലൈന്‍ സൗകര്യങ്ങളും പുതുതായി തുടങ്ങുന്ന വെയർഹൗസുകളിൽ നടപ്പിലാക്കണമെന്നും ഉത്തരവിൽ പറയുന്നു.