അരീക്കോട് ക്വാറിമണൽ നിർമ്മാണ കമ്പനി മലിനജലം ഒഴുക്കി ചെറുപുഴ മലിനമാക്കുന്നതിനെതിരെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പ്രതിഷേധം നടത്തി

newsdesk

അരീക്കോട്: ക്വാറി മണൽ നിർമ്മാണ കമ്പനി ചെറുപുഴ മലിനമാക്കുന്നതായി പരാതി. പത്തനാപുരം തേക്കിൻചോട് ഫോറസ്റ്റ് പരിസരത്ത് പ്രവർത്തിക്കുന്ന ഗ്രാനൈറ്റ്സ്, റിയൽ സാൻഡ് എന്നീ മണൽ നിർമ്മാണ കമ്പനികളാണ് കെമിക്കൽ അടങ്ങിയ നിർമ്മാണാവശിഷ്ടം ചെറുപുഴയിലേക്ക് തള്ളുന്നത്. അതി രൂക്ഷമായ മഴക്കുറവ് മൂലം കഠിനമായ വരൾച്ച മുന്നറിയിപ്പ് നിലനിൽക്കെ ചെറുപുഴ പോലുള്ള ചെറിയ നീരുറവകളെ മലിനമാക്കുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

എന്നാൽ മലിനജലം ഒഴുക്കി കളയുന്നു എന്ന ആരോപണത്തെ കമ്പനി അധികൃതർ നിഷേധിച്ചു. കെമിക്കൽ അടങ്ങിയ മലിനജലം തങ്ങളുടെ സ്വകാര്യ സ്ഥലത്ത് സംസ്കരിക്കുകയാണ് എന്നാണ് കമ്പനിയുടെ വാദം. അതേസമയം നാമ മാത്രമായി കമ്പനി പരിസരത്ത് സംസ്കരിച്ച് മിച്ചം വരുന്ന മലിനജലം ചെറുപുഴയിലേക്ക് ഒഴുക്കി വിടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കീഴുപറമ്പ് പഞ്ചായത്ത് അധികൃതരെയും ജിയോളജിയേയും നാട്ടുകാർ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം സ്ഥലം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പ്രദേശത്തെ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടർന്ന് അരീക്കോട് പോലീസ് എത്തി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഒരുകാരണവശാലും പുഴ മലിനമാക്കുന്ന രീതിയിൽ മലിനജലം പുറന്തള്ളാൻ ഇടവരരുതെന്ന് കമ്പനി അധികൃതർക്ക് പോലീസ് കർശനം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

error: Content is protected !!