
Web Desk
എടത്വ , കുട്ടനാട്ടിൽ മുട്ടാർ ചമ്പക്കുളം രാമങ്കരി, തലവടി തുടങ്ങിയ പ്രദേശങ്ങളിൽ ജലനിരപ്പ് താഴാത്തതിനാൽ കുട്ടികൾക്ക് അധ്യയനവും പരീക്ഷയും മുടങ്ങി. മുട്ടാർ പഞ്ചായത്ത് പ്രദേശത്തെ മിക്ക കുട്ടികളും ഇന്നലെ സ്കൂളിൽ എത്തിയില്ല. കണ്ടങ്കരി സ്കൂളിൽ അമേരിക്ക ജംക്‌ഷനു പടിഞ്ഞാറു ഭാഗത്തു നിന്നു വരുന്ന കുട്ടികൾ സ്കൂളിൽ എത്തിയില്ല. ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിലും ഇതു തന്നെ ആയിരുന്നു അവസ്ഥ. എടത്വ പഞ്ചായത്തിൽ കൊടുപ്പുന്ന ഗവ.ഹൈസ്കൂളിൽ നിന്ന് ഇന്നലെയും വെള്ളം ഇറങ്ങിയില്ല. ക്ലാസിനുള്ളിൽ പോലും ഇവിടെ വെള്ളം കയറിയിരുന്നു. കുട്ടികൾ നീന്തിയാണ് ക്ലാസിൽ എത്തിയത്. കൊടുപ്പുന്ന പഴുതി റോഡിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. മുട്ടാർ പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളമാണ്. മുട്ടാർ ഗവ. എൽപി സ്കൂളിൽ ഇന്നലെ പകുതി കുട്ടികൾ പോലും എത്തിയില്ല. അധ്യാപകർക്കും എത്താൻ പ്രയാസമായിരുന്നു. നീരേറ്റുപുറം കിടങ്ങറ റോഡിൽ പല സ്ഥലത്തും വെള്ളം ഇറങ്ങിയിട്ടില്ല. ഉൾപ്രദേശങ്ങളിലാണ് ദുരിതം ഏറെ ഉള്ളത്. കലക്ടർ കൃഷ്ണതേജ കഴിഞ്ഞ ദിവസം മുട്ടാർ പഞ്ചായത്ത് പ്രദേശത്ത് വെള്ളം കയറിയ സ്ഥലങ്ങളിൽ സന്ദർശിച്ചിരുന്നു.നദികളിലെ മാലിന്യം നീക്കം ചെയ്യുകയും ആഴം കൂട്ടുകയും ചെയ്താൽ വെള്ളം ഉയർന്നു നിൽക്കുന്നത് ഒരുപരിധിവരെ ഒഴിവാക്കാൻ കഴിയും എന്ന് ജനം കലക്ടറെ അറിയിച്ചു. വേണ്ട നടപടി സ്വീകരിക്കും എന്ന് ഉറപ്പു നൽകിയാണ് കലക്ടർ മടങ്ങിയത്.