
Web Desk
പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന് അന്തരിച്ചു. വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആണ് അന്ത്യം. എഴുപത് വയസായിരുന്നു. ദീർഘനാളായി രോഗബാധിതനായിരുന്നു. നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന് തിരക്കഥാകൃത്ത് എന്ന നിലയിലാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പില്ക്കാലത്ത് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിച്ചു.
മലയാളത്തിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മാനസം, പുനരധിവാസം, പൊലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി.
ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന് അധ്യാപകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അഭിനയരംഗത്തേക്കെത്തിയത്. അഭിനയം മാത്രമല്ല എഴുത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു അദ്ദേഹം. നാടകരംഗത്തും സജീവമായിരുന്നു ഇടക്കാലത്ത്.
കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പി കുഞ്ഞിരാമന് നായരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ഇവന് മേഘരൂപനിലൂടെയായിരുന്നു പി ബാലചന്ദ്രന് സംവിധായകനായത്.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു ആ വര്‍ഷം ഇവന് മേഘരൂപന്‍ ലഭിച്ചത്. അഗ്നിദേവന്, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, അന്നയും റസൂലും, കമ്മട്ടിപ്പാടം, ഈട, സഖാവ് തുടങ്ങി 40 ലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് പി ബാലചന്ദ്രന്. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.