
Report: Web Desk
ഹത്രാസിൽ പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ കുടുംബത്തെ ഒറ്റപെടുത്തുന്നുവെന്നും ഡൽഹിയിലേക്ക് മാറി താമസിക്കണമെന്നും പെൺകുട്ടിയുടെ കുടുംബം സർക്കാരിനെ സമീപിച്ചു.കേസുമായി ബന്ധപ്പെട്ട് നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കി.
നീതിക്ക് പിന്നാലെ സുരക്ഷിതമായി ജീവിക്കണമെന്ന് ആവശ്യമായിട്ടാണ് കുടുംബം സർക്കാരിനെ സമീപിച്ചത്.സുരക്ഷാ ഭീഷണി കാരണമാണ് ഡൽഹിയിലേക്ക് താമസം മാറണമെന്ന ആവശ്യം ഉന്നയിച്ചത്. എവിടെയായിരുന്നാലും സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സഹോദരൻ പറഞ്ഞു.
സംഭവത്തിന് ശേഷം ഗ്രാമത്തിൽ നിന്ന് ഉയർന്നജാതിക്കാർ ഒറ്റപ്പെടുത്തുകയാണെന്ന് കുടുംബം നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയാക്കി. റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും.
ഗ്രാമത്തിലെത്തിയുള്ള സിബിഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. മൂന്നാംപ്രതി ലവ്കുശന്റെ വീട്ടിൽ കണ്ടെത്തിയ ചോരപുരണ്ട വസ്ത്രം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കണ്ടെടുത്തത് ചോരപുരണ്ട വസ്ത്രമല്ല എന്ന് വ്യക്തമാക്കി പ്രതിയുടെ കുടുംബം രംഗത്തെത്തി. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ ഉടൻ കോടതിയെ സമീപിക്കും.