
Report: Fasal Babu
മുക്കം: ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാത തകർന്നതുമൂലം യാത്രക്കാർ ദുരിതത്തിൽ. പാതയിലെ പലയിടത്തും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്ര പോലും ദുർഘടമായിരിക്കുകയാണ്. ഡ്രൈനേജ് സംവിധാനമില്ലാത്തത് മൂലം വെള്ളം ഒഴിഞ്ഞ് പോവാൻ സംവിധാനമില്ലതായതോടെ വെള്ളം കെട്ടി കിടന്നാണ് പല സ്ഥലത്തും റോഡ് തകരുന്നത്. പലപ്പോഴായി അറ്റകുറ്റപണികൾക്കായി ചിലവഴിക്കുന്ന തുകയുടെ ചെറിയൊരു ഭാഗം ചിലവഴിച്ച് ഡ്രൈനേജ് സംവിധാനമൊരുക്കിയാൽ റോഡ് പൊളിയുന്നത് ഒരു പരിധി വരെ തടയാനാവും. എന്നാൽ അധികൃതർ ഇതിന് മെനക്കെടാറില്ല എന്നതാണ് സത്യം .
കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതയുടെ ശോച്യാവസ്ഥ മൂലം അപകടങ്ങളും പതിവാണ്. മഴക്കാലമായതിനാൽ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടം ഉണ്ടാകുന്നത് നിത്യസംഭവമായി. .ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം വലിയ കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം അപകടങ്ങളും വാഹനങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടലും ഗതാഗത കുരുക്കും പതിവായിരിക്കുകയാണ് ഇവിടെ. മുക്കം പാലത്തിന് സമീപവും നോർത്ത് കാരശ്ശേരി ജങ്ഷനിലും ഓത്തെരുവിലും മാവായിലുമെല്ലാം വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാന പാതയിൽ മാസങ്ങളായി തുടരുന്ന ദുർഘട യാത്രയ്ക്ക് ഉടനെ പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പുനരുദ്ധാരണത്തോടൊപ്പം കലുങ്കുകളുടെ നവീകരണം, മുക്കം പാലത്തിന്റെ അറ്റകുറ്റപ്പണികൾ, വളവുകൾ നിവർത്തൽ, ഡ്രൈനേജ്
തുടങ്ങിയവും അനിവാര്യമാണ്.