
വയനാട്: ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നീണ്ടു നിന്ന കനത്ത മഴയിലും കാറ്റിലും വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം. വയനാട് തവിഞ്ഞാലിൽ കനത്ത മഴയിൽ വീടിന് മുകളിൽ മരം കടപുഴകി വീണതിനെ തുടർന്ന് ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരി മരിച്ചു. കുട്ടിയുടെ പിതാവിൻ്റെ കാൽ അപകടത്തിൽ പൂർണമായും അറ്റുപോയി.തോളക്കര കോളനിയിലാണ് മരം വീണ് ആറു വയസുകാരി മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്തമഴയ്ക്കിടെ വീടിനു മുകളിൽ മരം വീണാണ് തോളക്കര കോളനിയിലെ ബാബുവിൻ്റെ മകൾ ജ്യോതിക (6) മരിച്ചത്. അപകടത്തിൽ ബാബുവിൻ്റെ ഒരു കാൽ പൂർണമായും അറ്റു പോയി.
മഴ കനത്തതോടെ വയനാട് വൈത്തിരി താലൂക്കിൽ ഇതുവരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു . 60 വയസ്സിന് മുകളിൽ ഉള്ളവർക്കും ക്വാറന്റീനില്‍ കഴിയുന്നവർക്കും പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. പൊഴുതനയിൽ ക്വാറന്റീനില്‍ കഴിയുന്ന 32 കുടുംബങ്ങളെ ലക്കിടിയിൽ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി.