കടത്തിയ സ്വർണം കോഴിക്കോട്ടെ ജ്വല്ലറികളിലെത്തി!

നയതന്ത്ര പാഴ്സലിലൂടെ കടത്തിയ സ്വർണം മുൻപും  പല തവണയായി കോഴിക്കോടുള്ള ജ്വല്ലറികളിലെത്തിയതായി കസ്റ്റംസ് കണ്ടെത്തി. അറസ്റ്റിലായ കോഴിക്കോട് എരഞ്ഞിക്കൽ നെടിയാറമ്പത്ത് റസിയ മൻസിലിൽ ടി.എം. സംജു വഴിയാണു സ്വർണമെത്തിച്ചിരുന്നത്. പലവട്ടം സ്വർണവുമായി സംജുവിന്റെ വീട്ടിൽ പോയതായി കഴിഞ്ഞദിവസം കസ്റ്റംസിന്റെ പിടിയിലായ മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി മൊഴി നൽകിയിട്ടുണ്ട്. തുടർന്നു 15നു കസ്റ്റഡിയിലെടുത്ത സംജുവിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്നലെ രേഖപ്പെടുത്തി. ഇയാളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. സംജുവിനു കോഴിക്കോട്ട് കൺവൻഷൻ സെന്ററിൽ പങ്കാളിത്തവും പലയിടത്തായി കെട്ടിടങ്ങളും പെയിന്റ് വ്യാപാരകേന്ദ്രവുമുണ്ട്. ദമാമിൽ ഹോട്ടലും ദുബായിൽ മൊബൈൽ കടയുമുണ്ട്.   നഗരത്തിൽ ജ്വല്ലറി ഉടമയായ ഭാര്യാപിതാവ് മുൻപ്  പല തവണ സ്വർണക്കടത്തിന് അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് 6 കിലോഗ്രാം സ്വർണം പിടിച്ച കേസിൽ ഈ വർഷം മാർച്ചിൽ അറസ്റ്റിലായ ശേഷം ഈയിടെയാണു ജാമ്യത്തിലിറങ്ങിയത്. ഭാര്യാപിതാവിന്റെ ജ്വല്ലറി കള്ളക്കടത്തിനുള്ള മറയായിരുന്നുവെന്നാണു കസ്റ്റംസിന്റെ വിലയിരുത്തൽ. സംജുവിന്റെ സഹോദരൻ രണ്ടു വർഷം മുൻപ് രാമനാട്ടുകരയിൽ കിലോഗ്രാം സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായിരുന്നു.  

error: Content is protected !!
%d bloggers like this: