
മലപ്പുറം: സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മുഹമ്മദ് ഫായിസ് എന്ന നാലാം ക്ലാസുകാരന്റെ ‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല’ പ്രയോഗം പരസ്യ വാചകമക്കി മില്‍മ. മലബാര്‍ മില്‍മയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിത്. പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഫായിസിന്റെ വാചകങ്ങള്‍ പരസ്യത്തിലുപയോഗിച്ച് നിരവധി സ്വകാര്യ സ്ഥാപനങ്ങളും രംഗത്തെത്തി. ഇതോടെ ഫായിസ് താരമായിരിക്കുകയാണ്. ഇതിന് പിന്നാലെ ഫായിസിന് റോയല്‍റ്റി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മധ്യമങ്ങളിൽ നിരവധി പേര്‍ രംഗത്തെത്തി. ഫായിസിന്റെ വാക്കുകള്‍ റോയല്‍റ്റി അര്‍ഹിക്കുന്നതാണെന്നും കുട്ടിയുടെ അനുവാദമില്ലാതെ വാചകങ്ങള്‍ പരസ്യത്തിനുപയോഗിച്ചത് ശരിയായില്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫായിസ് കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോയുമായി എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ഫായിസ് പൂക്കള്‍ ഉണ്ടാക്കിയത് പ്രതീക്ഷിച്ച പോലെ ശരിയായില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ ‘ചെലോല്‍ത് ശര്യാവും ചെലോല്‍ത് ശര്യാവൂല, എന്റേത് ശര്യായില്ല, എനിക്കൊരു കൊയ്‌പ്പോല്ല’ എന്ന് ഫായിസ് പറഞ്ഞത് കേരളം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. കൊണ്ടോട്ടി കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസ് സ്വയം ചിത്രീകരിച്ച വീഡിയോ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് മുനീര്‍ സഖാഫിക്ക് സഹോദരീപുത്രിയാണ് അയച്ചുകൊടുത്തത്. വീഡിയോ പിന്നീട് നാട്ടുകാരിലെത്തിയതോടെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഫായിസിന്റെ വീഡിയോ കണ്ടത്. മൈമൂനയാണ് ഫായിസിന്റെ മാതാവ്.