കോഴിക്കോട് കോര്‍പറേഷനും ജില്ലാ പഞ്ചായത്തും യുഡിഎഫ് ഭരിക്കും: കെ.പ്രവീണ്‍കുമാര്‍

കോഴിക്കോട് ∙ ജില്ലയില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍. കോര്‍പറേഷനും ഏഴ് മുന്‍സിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും ഇത്തവണ യുഡിഎഫ് ഭരിക്കും. ആകെയുള്ള 70 ഗ്രാമപഞ്ചായത്തുകളില്‍ പകുതിയിലേറെ പിടിച്ചെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടിത്തട്ടില്‍ നിന്ന് ലഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലും ഇതുവരെയില്ലാത്ത മുന്നേറ്റമാകും ഉണ്ടാവുക. എല്ലാ വാര്‍ഡുകളിലും യുഡിഎഫ് വോട്ട് വര്‍ധിപ്പിക്കുമെന്നും പോളിങ്ങിനു ശേഷം പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.

കുത്തകയാക്കിവെച്ച പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുക്കാന്‍ ഇത്തവണ സാധിക്കും. മലയോര മേഖല പൂര്‍ണമായും എല്‍ഡിഎഫിനെ കൈവിടും. ശബരിമല സ്വര്‍ണകൊള്ളയും ബിജെപി സര്‍ക്കാറിന്റെ ബി ടീമായി പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും വികസനമില്ലായ്മയുമാണ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചര്‍ച്ചയാക്കിയത്. ഇതിന്റെ പ്രതിഫലനം വോട്ടെടുപ്പില്‍ ഉണ്ടായെന്ന പ്രാഥമിക വിവരമാണ് കിട്ടുന്നത്. യുഡിഎഫിന്റെ മുന്നേറ്റം തിരിച്ചറിഞ്ഞ് കോഴിക്കോട് കോര്‍പറേഷനിലുള്‍പ്പെടെ പല ഭാഗത്തും സിപിഎമ്മും ബിജെപിയും പരസ്പര ധാരണയോടെ വോട്ട് മറിച്ചിട്ടുണ്ട്.

error: Content is protected !!