
newsdesk
കോഴിക്കോട്∙ തൊണ്ടയാട് – പന്തീരാങ്കാവ് ദേശീയപാതയ്ക്കു സമീപം നെല്ലിക്കോട്ടെ സ്വകാര്യ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു ഒരാൾ മരിച്ച സംഭവത്തിൽ, പലതവണ മണ്ണെടുക്കൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ കേട്ടില്ലെന്നു പരാതി .
ബൈപാസുമായി ബന്ധപ്പെടാൻ 4 ഫൂട്ട് കോൺക്രീറ്റ് റോഡ്. ഇതിനോട് ചേർന്നാണ് ഫ്ലാറ്റ് നിർമാണ കമ്പനി മണ്ണ് എടുത്തത്. പലതവണ മണ്ണെടുക്കൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ കേട്ടില്ലെന്നു അയൽവാസി ഷീല പറഞ്ഞു. പിന്നീട്, സമീപത്തെ വീട്ടുകാരായ വി.ടി.കമലയും ലിസി പ്രസാദും പരാതികളുമായി റവന്യു അധികൃതരെ സമീപിച്ചിട്ടും മണ്ണെടുക്കലും കെട്ടിട നിർമാണവും തുടർന്നു.
ഇടവഴിയോടു ചേർന്ന് 16 മീറ്റർ താഴ്ത്തിയാണു മണ്ണെടുത്തത്. ഏതു നിമിഷവും ഇടിയുമെന്നു സമീപത്തെ 21 വീട്ടുകാരും പരാതിയുമായി അധികൃതർക്കു മുന്നിലെത്തി. എന്നാൽ, ഫ്ലാറ്റ് അധികൃതർ കെട്ടിട നിർമാണം നടക്കുന്ന പ്രദേശം ഇരുമ്പു ഷീറ്റ് ഉപയോഗിച്ചു ചുറ്റും മറച്ചു. പിന്നീട് അകത്ത് എന്തു നടക്കുന്നെന്ന് അറിയാൻ കഴിയാത്ത അവസ്ഥയായെന്നു നാട്ടുകാർ പറഞ്ഞു.
ഫ്ലാറ്റ് നിർമാണത്തിനിടെ അശാസ്ത്രീയമായ രീതിയിൽ മണ്ണെടുക്കുന്നതിനെതിരെ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും മുൻ കൗൺസിലർ പി.സുധാകരൻ, കൗൺസിലർ സുജാത കൂടത്തിങ്കൽ എന്നിവരും ഫ്ലാറ്റ് അധികൃതരുമായി സംസാരിച്ചു മണ്ണെടുക്കൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിർത്തിവച്ചെങ്കിലും പിന്നീടു പുനരാരംഭിച്ചു. കഴിഞ്ഞയാഴ്ച വീണ്ടും കൗൺസിലറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നിർമാണം തടഞ്ഞു. ഇതോടെ, നിർമാണം നടക്കുന്ന പ്രദേശം മുഴുവൻ ഇരുമ്പു ഷീറ്റ് ഉപയോഗിച്ചു മറച്ചു നിർമാണം തുടർന്നത്.
14 നില കെട്ടിടത്തിനാണ് കോർപറേഷൻ നിർമാണ അനുമതി നൽകിയത്. നിർമാണം പൂർത്തിയാകുമ്പോൾ 61 ഫ്ലാറ്റുകളാണ് കെട്ടിടത്തിൽ ഉണ്ടാകുക. എന്നാൽ, ഇത്രയും താമസക്കാർക്കുള്ള പാർക്കിങ് സൗകര്യം കെട്ടിടത്തിൽ ഉണ്ടാകുമോ എന്ന ആശങ്ക തുടക്കം മുതലെ നാട്ടുകാർക്ക് ഉണ്ടായിരുന്നു. നിർമാണം ആരംഭിക്കുന്നതിനു ഒരു വർഷം മുൻപു സ്ഥലവാസികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ എല്ലാ സുരക്ഷയിലുമാണ് നിർമാണം എന്നാണ് അധികൃതർ അറിയിച്ചത്. പല ഘട്ടത്തിലും നിർമാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയെങ്കിലും ഫ്ലാറ്റ് ഉടമകൾ നിസ്സഹകരിച്ചതായി നാട്ടുകാർ പറഞ്ഞു.
നെല്ലിക്കോട് വില്ലേജ് ഓഫിസർക്ക് പരാതി നൽകിയതിനെ തുടർന്നു വില്ലേജ് ഓഫിസർ സ്ഥലം പരിശോധിച്ചപ്പോൾ മണ്ണ് ഇടിയാനും സമീപത്തെ റോഡ് ഇടിയാനും സാധ്യത ഉണ്ടെന്നു കണ്ടെത്തി. ഫ്ലാറ്റ് നിർമാണ സ്ഥാപനത്തിനു നോട്ടിസ് നൽകുകയും മണ്ണിടിയാൻ സാധ്യത ഉള്ള ഭാഗം 16 മീറ്റർ അടിയിൽ നിന്നു കോൺക്രീറ്റ് മതിൽ കെട്ടിപ്പൊക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, സുരക്ഷാ സംവിധാനം ഒരുക്കാതെയാണ് വീണ്ടും നിർമാണം ആരംഭിച്ചതെന്നു റവന്യു അധികൃതർ പറഞ്ഞു.സമീപത്തെ വീട്ടുകാർ കലക്ടർ, ജിയോളജി ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നു. വില്ലേജ് ഓഫിസർ സ്ഥലം പരിശോധിച്ചു കഴിഞ്ഞ 18നാണ് കോഴിക്കോട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയത്. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് തുടർ നടപടിക്കായി കലക്ടർക്ക് കൈമാറിയതായി തഹസിൽദാർ എ.എം.പ്രേംലാൽ അറിയിച്ചു. 10 ദിവസം പിന്നിട്ടിട്ടും വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ ജില്ലാ ഭരണകൂടം നടപടിയെടുക്കാത്തതിൽ ജനങ്ങൾക്കിടയിൽ വിമർശനം ഉണ്ട്.
റവന്യു വിഭാഗം സ്ഥലം പരിശോധിച്ചതിൽ സ്ഥലത്ത് അശാസ്ത്രീയമായി മണ്ണെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞു എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, കെ.എം.സച്ചിൻദേവ്, കൗൺസിലർ സുജാത കൂടത്തിങ്ങൽ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, പൊലീസ് എസിപിമാരായ എ.ഉമേഷ്, എ.എം.സിദ്ദിഖ് തുടങ്ങിയവർ സ്ഥലത്തെത്തി.അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ടി.ബാബു, വി.പി.നിഖിൽ ശ്രീനിവാസൻ, പി.പി.ജമാലുദ്ദീൻ, ജിതിൻ ബാബു, മുഹമ്മദ് ഷാദ്, എം.വി.അരുൺ, എം.രജിൻ തുടങ്ങിയവരാണ് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.