
Web Desk
കുട്ടികളുമൊത്ത് സമയം ചെലവഴിക്കാൻ നേരം കണ്ടെത്തുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. ഇത്തരം നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ബിജെപി എംപിയുടെ 8 വയസുകാരി മകളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച വാർത്തകളിൽ നിറയുകയാണ്. പ്രധാനമന്ത്രിയും പെൺകുട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.
മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എംപി അനിൽ ഫിറോജിയ കുടുംബത്തോടെ പ്രധാനമന്ത്രിയെ കാണാൻ പാർലമെന്റിൽ എത്തിയിരുന്നു. 8 വയസ്സുള്ള മകൾ അഹാന ഫിറോജിയയും ഒപ്പമുണ്ട്. ഇതിനിടെ ‘ഞാൻ ആരാണെന്ന് അറിയാമോ’ എന്ന് പ്രധാനമന്ത്രി ചോദിച്ചു. പെൺകുട്ടിയുടെ മറുപടി വളരെ രസകരമായിരുന്നു. “എനിക്കറിയാം, നിങ്ങളാണ് മോദി ജി…എന്നും ടിവിയിൽ കാണാറുണ്ട്” എന്നായിരുന്നു മറുപടി. പെൺകുട്ടിയുടെ മറുപടി കേട്ട പ്രധാനമന്ത്രിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
“ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ?” പ്രധാനമന്ത്രി വീണ്ടും ചോദിച്ചു. “നിങ്ങൾ ലോക്സഭയിലാണ് ജോലി ചെയ്യുന്നത്” എന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മറുപടി കേട്ട് പ്രധാനമന്ത്രിയോടൊപ്പം മുറിയിലുണ്ടായിരുന്നവരെല്ലാം ചിരിച്ചു. പ്രധാനമന്ത്രി അഹാനയ്ക്ക് ചോക്ലേറ്റ് നൽകിയാണ് യാത്രയാക്കിയത്.