ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; തൃപ്പുണിത്തുറയില്‍ ബിജെപിക്ക് അട്ടിമറി ജയം

Web Desk

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലംപ്രഖ്യാപിച്ച സീറ്റുകളില്‍ 23 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. 12 സീറ്റുകളിലാണ് യുഡിഎഫിന്റെ വിജയം. എന്‍ഡിഎ ആറ് സീറ്റുകള്‍ നേടി.
തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബി.ജെ.പി. പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പില്‍, പിഷാരികോവില്‍ വാര്‍ഡുകളിലാണ് ബിജെപിയുടെ ജയം. ഇതോടെ നഗരസഭയില്‍ 15 സീറ്റുകളുണ്ടായിരുന്ന ബിജെപി സീറ്റുകളുടെ എണ്ണം 17 ആയി ഉയര്‍ത്തി. എല്‍ഡിഎഫിന്റെ സീറ്റുകള്‍ 25-ല്‍നിന്ന് 23 ആയി. കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 75 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി പത്മജ എസ്.മേനോന്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനിത വാര്യരെ പരാജയപ്പെടുത്തിയത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ കാക്കാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. കൗലത്ത് വിജയിച്ചു
തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ജയം. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാര്‍ഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലില്‍ യുഡിഎഫിനാണ് ജയം.

കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു.

ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന്‍ 54 വോട്ടും എല്‍ഡിഎഫിലെ പാര്‍വ്വതി പരമശിവന്‍ 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശന്‍ 17 വോട്ടും നേടി.

error: Content is protected !!