
Web Desk
ലീഡ് നില മാറിമറിയുന്ന ഗോവയിൽ മുൻതൂക്കം നേടി ബിജെപി. എങ്കിലും ലീഡ് നിലയിൽ കേവലഭൂരിപക്ഷം നേടാൻ ബിജെപിക്ക് ഇനിയും സാധിച്ചിട്ടില്ല. ഭൂരിപക്ഷം മണ്ഡലങ്ങളിലും മുപ്പതിനായിരത്തിൽ താഴെ വോട്ടർമാർ മാത്രമാണുള്ളതിനാൽ ലീഡ് നില മാറിമറിയുന്ന സാഹചര്യമാണുള്ളത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സ്ഥിതിഗതികൾ മാറിമറിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
നിലവിൽ ബിജെപി 18 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കേവലഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകൾ കുറവ്. കഴിഞ്ഞ തവണ 13 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് 13 സീറ്റിലും തൃണമൂൽ കോൺഗ്രസ് – എംജിപി സഖ്യം 5 സീറ്റിലും ആം ആദ്മി പാർട്ടി ഒരു മണ്ഡലത്തിലും മുന്നിലാണ്. മൂന്നു മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 17 എംഎൽഎമാരുമായി കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ചെറുകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി ഭരണം പിടിക്കുകയായിരുന്നു.
മുൻതൂക്കം നിലനിർത്തുന്നതിനിടെയും മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാൻക്വിലിം മണ്ഡലത്തിൽ പിന്നിലാണെന്നത് ബിജെപിക്ക് നിരാശ പകരുന്നു. പ്രമോദ് സാവന്തിനെതിരെ പാർട്ടിയിലും എതിർപ്പുണ്ടായിരുന്ന സാഹചര്യത്തിൽ പാർട്ടി ഭരണം നിലനിർത്തിയാൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കാനിടെയുള്ള വിശ്വജിത്ത് റാണെ വാൽപോയ് മണ്ഡലത്തിൽ മുന്നിലാണ്. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കോൺഗ്രസിനു സാധിച്ചില്ലെന്നാണ് ബിജെപി നേടിയ മുൻതൂക്കം വ്യക്തമാക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ തൃണമൂൽ കോൺഗ്രസ് സഖ്യം, ആം ആദ്മി പാർട്ടി എന്നിവയിൽ വിഭജിച്ചുപോയതും കോൺഗ്രസിനു വിനയായി. വോട്ടുകണക്കിലെ ചെറിയ വ്യതിയാനം പോലും തിരഞ്ഞെടുപ്പു വിധി മാറ്റിമറിക്കുന്ന ഗോവയിൽ ചെറുകക്ഷികൾ നേടുന്ന വോട്ടുകൾ നിർണായകമാകും.
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഭരണം ഉറപ്പാക്കാൻ ബിജെപി നേതാക്കൾ സംസ്ഥാനത്ത് ക്യംപ് ചെയ്യുകയാണ്. കോൺഗ്രസിന് സർക്കാർ രൂപീകരണത്തിനു സാധ്യത തെളിഞ്ഞാൽ നടപടികൾ ഏകോപിപ്പിക്കാൻ കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവുവും നിരീക്ഷകനായ പി.ചിദംബരവും ഞായറാഴ്ച മുതൽ ഗോവയിലുണ്ട്.
തൃണമൂൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാക്കളെ ബിജെപിയും കോൺഗ്രസും സമീപിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുമായും തൃണമൂൽ – മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി സഖ്യവുമായും തിരഞ്ഞെടുപ്പിനു ശേഷം കൈകോർക്കാൻ കോൺഗ്രസ് തയാറാണെന്നു ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി.